കട്ടപ്പന: തദ്ദേശ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോല താലൂക്കിൽ സി.എസ്.ഡി.എസ്. മത്സരിക്കില്ലെന്ന് നേതാക്കൾ അറിയിച്ചു. ഉടുമ്പൻചോലയിൽ ഒരു രാഷ്ട്രീയ പാർട്ടികളെയും പിന്തുണയ്ക്കില്ല. അതേസമയം സംസ്ഥാനത്തെ മറ്റു പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ മത്സരിപ്പിക്കും. സംഘടന വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പുറത്താക്കപ്പെട്ട ചിലർ രാഷ്ട്രീയ പാർട്ടികളെ തെറ്റിദ്ധരിപ്പിച്ച് മത്സര രംഗത്തെത്തിയിട്ടുണ്ട്. സി.എസ്.ഡി.എസ്. പിന്തുണയുള്ള സ്വതന്ത്രർ എന്നാണ് ഇവർ സ്വയം പ്രചരിപ്പിക്കുന്നത്. സംഘടനയിൽപെട്ടവരുടെ വോട്ട് കൈക്കലാക്കാനുള്ള തന്ത്രങ്ങളാണ് ഇവർ നടത്തുന്നതെന്നും നേതാക്കൾ ആരോപിച്ചു. സംസ്ഥാനത്ത് ദളിതർ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഉടുമ്പൻചോല താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കെ.ജെ. ജോയി, സെക്രട്ടറിമാരായ കെ.എം. സുരേന്ദ്രൻ, സോജി ഷിനോ, വൈസ് പ്രസിഡന്റുമാരായ ബിനു വർഗീസ്, എം.വി. രാജേഷ്, കെ.സി. മാത്യു, ജോയിന്റ് സെക്രട്ടറി സി.ഡി. തങ്കച്ചൻ, എം.പി. ജോർജ്കുട്ടി എന്നിവർ ആവശ്യപ്പെട്ടു.