പാലാ:പണിയായുധങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനത്തിൽ നിന്ന് 70,000 രൂപയും ഇലക്ട്രിക് അറക്കവാളും മോഷ്ടിച്ച കേസിൽ സ്ഥാപന ഉടമയുടെ മുൻ ഡ്രൈവറടക്കം രണ്ട് പേർ അറസ്റ്റിൽ കഴിഞ്ഞ 5ന് ചെത്തിമറ്റം കല്യ ഹയറിംഗ് ആന്റ് സർവ്വീസിംഗ് സെന്ററിലായിരുന്നു മോഷണം. സ്ഥാപന ഉടമ സതീഷ് മണിയുടെ മുൻ ഡ്രൈവർ ഇടമറ്റം ചീങ്കല്ലേൽ ആണ്ടൂക്കുന്നേൽ അജി(36), സുഹൃത്ത് ഇടമറ്റം പുത്തൻശബരിമല കോളനിയിൽ ചൂരക്കാട്ട് തോമസ് (അപ്പ 43) എന്നിവരാണ് പിടിയിലായത്.സ്ഥാപനത്തിന്റെ പുറകിലെ അഴി നീക്കി ഉള്ളിൽകയറിയ ഇരുവരും ചേർന്ന് മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന തുകയും അവിടെ സൂക്ഷിച്ചിരുന്ന വാളും മോഷ്ടിക്കുകയായിരുന്നു. പാലാ ഡി.വൈ.എസ്.പി സാജുവർഗീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സംഭവ ദിവസം പ്രതികൾ ബൈക്കിൽ പോവുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചു. മോഷ്ടിച്ചെടുത്തതും വാൾ വിറ്റുകിട്ടിയതുമായ പണം കൊണ്ട് കാർ വാടകയ്‌ക്കെടുത്ത് കറങ്ങുകയായിരുന്ന പ്രതികളെ ഏററുമാനൂർ പൂഞ്ഞാർ ഹൈവേയിൽ ഭരണങ്ങാനത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. സി.ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.