photo

കോട്ടയം: കൊവിഡ് അപ്രതീക്ഷിതമായി വയറ്റത്തടിച്ചപ്പോൾ തിരഞ്ഞെടുപ്പെന്ന കച്ചിത്തുരുമ്പിൽ പിടിച്ചു കയറുകയാണ് ജില്ലയിലെ രണ്ടായിരത്തിലേറെ ഫോട്ടോ, വീഡിയോ ഗ്രാഫർമാർ. പതിനയ്യായിരത്തോളം സ്ഥാനാർത്ഥികൾ കളത്തിലിറങ്ങുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ നല്ലൊരു തുക കൈയിൽ കിട്ടുമെന്നതാണ് പ്രത്യേകത.

വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി സ്ഥിരമായി ഫോട്ടോ എടുക്കുന്ന സ്റ്റുഡിയോകളിലാണ് തിരക്ക് കൂടുതൽ. ആവശ്യമൊന്നേയുള്ളൂ, ഫോട്ടോ കണ്ടാൽ വോട്ട് ഇങ്ങ് പോരണം. പരമാവധി ഗ്ളാമറാക്കി വോട്ടറുടെ മനസിൽ മുഖം പതിപ്പിക്കുകയും വേണം. നല്ല ക്ളാരിറ്റിയോടെ പോസ്റ്റർ, ബാനർ, അഭ്യർത്ഥന, കാർഡ് എന്നിവയായി വിവിധ പ്രതലങ്ങളിൽ പ്രിന്റ് ചെയ്യാനുള്ള ചിത്രങ്ങളാണ് വേണ്ടത്. പ്രിന്റ് ചെയ്യുന്നതിനൊപ്പം ഫേസ് ബുക്കിലും വാട്സാപ്പിലും ഷെയർ ചെയ്യാൻ ആദ്യ ഘട്ട ഫോട്ടോ ഷൂട്ട് പലരും പൂർത്തിയാക്കുകയും ചെയ്തു. കൊവിഡ് മൂലം ഫോട്ടോയ്ക്കാണ് ഇക്കുറി പ്രാധാന്യമെന്നാണ് സ്ഥാനാർത്ഥികൾ പറയുന്നത്. മാസ്കിട്ട് എത്ര ചിരിച്ചാലും ആരും കാണില്ല. പ്രായമായവർ മുഖം പോലും മനസിൽ ഓർക്കണമെന്നില്ല. അതുകൊണ്ട് ഈ കുറവ് ഫോട്ടോയിൽ നികത്തണമെന്നാണ് പ്രധാന ആവശ്യം. നല്ല ഫോട്ടോകൾ ഡിസൈൻ ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാനും കാർഡുകളാക്കി വോട്ടർമാരിലെത്തിക്കാനും പ്രത്യേക സംവിധാനം സ്റ്റുഡിയോകളിൽ ഒരുങ്ങിക്കഴിഞ്ഞു.

 മാതൃക പാർലമെന്റ് തിര‌ഞ്ഞെടുപ്പ്

പാർലമെന്റ് തിരഞ്ഞെടുപ്പിലാണ് ഏറെ വ്യത്യസ്തത പരീക്ഷിക്കപ്പെട്ടത്. സിനിമാ പോസ്റ്ററുകൾ പോലെ തോന്നുന്ന ഫോട്ടോകൾ വരെയിറങ്ങി. ന്യൂജെൻ മനസിൽ ഇടംപിടിക്കാൻ പരമ്പരാഗത രീതിയിലുള്ള ചിത്രങ്ങൾ മാത്രം പോരെന്നാണ് സ്ഥാനാർത്ഥികളുടെ അഭിപ്രായം. ഇരിക്കുന്നതും ചിരിക്കുന്നതും കൈവീശിക്കാണിക്കുന്നതും മാത്രമല്ല വെറൈറ്റി പോസിംഗും വേണം.

 പാക്കേജ് 1000 രൂപ മുതൽ


'' നല്ല രീതിയിൽ വർക്ക് തുടങ്ങിയിട്ടുണ്ട്. സ്ഥാനാർത്ഥികൾക്ക് പ്രത്യേക സമയം നിശ്ചയിച്ചാണ് ചിത്രങ്ങൾ എടുത്ത് നൽകുന്നത്. എല്ലാവർക്കും വെറൈറ്റിയാണ് വേണ്ടത്. പലരും ഫോണിൽ മാതൃകാ ഫോട്ടോകളുമായാണ് വരുന്നത്. ക്ളോസപ്പ് ഫോട്ടോകളോട് താത്പര്യമില്ല. സോഷ്യൽ മീഡിയയുടെ വരവ് സ്ഥാനാർത്ഥികളെയും സ്വാധീനിച്ചിട്ടുണ്ട്''

- അനിൽ കണിയാമല, ഫോട്ടോഗ്രാഫർ

'' തിരഞ്ഞെടുപ്പ് ചിത്രങ്ങൾക്കായി പ്രത്യേക പാക്കേജ് നൽകുന്നുണ്ട്. നിക്കോൺ ഡി ഫൈവ് ക്യാമറയും അതിനോട് കിടപിടിക്കുന്ന ലെൻസുമാണ് ഉപയോഗിക്കുന്നത്. നല്ല എക്യുപ്മെന്റാകുമ്പോൾ ഫോട്ടോയുടെ ക്വാളിറ്റിയും മെച്ചപ്പെടും. ഏറ്റവു കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുമെന്നതിനാൽ തിരഞ്ഞെടുപ്പുകളിൽ തദ്ദേശ തിരഞ്ഞെടുപ്പാണ് ഫോട്ടോഗ്രാഫർമാർക്ക് മെച്ചം.''

-അനുരാജ്, ഫോട്ടോ ഗ്രാഫർ, റിഥം സ്റ്റുഡിയോ