sss

കോട്ടയം: സംസ്ഥാനത്തെ ആദ്യ ബി.ജെ.പി കൗൺസിലർ ശ്യാമള എസ്.പ്രഭുവിന്റെ മകൾ സിന്ധു എസ്. പ്രഭു കോട്ടയം നഗരസഭയിൽ അങ്കത്തിനിറങ്ങുന്നു. അമ്മയെപ്പോലെ താനും വിജയിച്ച് കയറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സിന്ധു. കോട്ടയം പുത്തനങ്ങാടി (23) വാർഡിലാണ് സിന്ധു മൽസരിക്കുന്നത്.

തുടർച്ചയായി 35 വർഷം കൊച്ചി കോർപ്പറേഷൻ കൗൺസിലറായിരുന്നു ശ്യാമള . പ്രായാധിക്യം മൂലം ഇക്കുറി മത്സരത്തിനില്ല. അമ്മയെപ്പോലെ മകളും താമര ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ബി.ജെ.പിയുടെ പേരിൽ മത്സരിക്കാൻ പോലും ആളെ കിട്ടാത്ത കാലത്താണ് ശ്യാമള വെന്നിക്കൊടി പാറിച്ചത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. സിന്ധു എൽ.കെ.ജിയിൽ പഠിക്കുമ്പോഴാണ് ശ്യാമള ആദ്യമായി മത്സരിക്കുന്നത്. കുട്ടിക്കാലം മുതൽ തിരഞ്ഞെടുപ്പ് അനുഭവങ്ങളുള്ളതിനാൽ സിന്ധുവിന് വിജയ പ്രതീക്ഷ ഏറെയാണ്.

ബാലഗോകുലത്തിലൂടെയാണ് സംഘടനാ പ്രവർത്തനം തുടങ്ങിയത്. വിവാഹത്തോടെ കോട്ടയത്തെത്തിയ സിന്ധു ശബരിമല കർമ്മ സമിതിയുടെയും തിരുനക്കര കേന്ദ്രമായി പ്രവർത്തിച്ച ശബരി ധർമ്മസഭയുടെയും സജീവ പ്രവർത്തകയായിരുന്നു. വെള്ളപ്പൊക്ക സമയത്തും സേവാഭാരതിക്കൊപ്പം മുൻപന്തിയിലുണ്ടായിരുന്നു. കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർത്ഥി നേരിയ വോട്ടിനാണ് ഈ വാർഡിൽ പരാജയപ്പെട്ടത്. കോട്ടയത്തെ പ്രമുഖ വ്യാപാരി മനോജ് ഇ. പൈയാണ് ഭർത്താവ്. മക്കൾ: സിന്ധാർത്ഥ് എം.പൈ, അഞ്ജന എം.പൈ, സിദ്ധാർത്ഥ സൻജന സിദ്ധാ. എം.എസ്‌.സി, ബി.എഡ് ബിരുദധാരിയാണ് സിന്ധു.

'' ആത്മാർത്ഥമായി ജനങ്ങളുടെ മുന്നിൽ ഇറങ്ങിയാൽ വിജയം ഉറപ്പാണ്. വികസനമെത്തിനോക്കാത്ത വാർഡാണിത്. ഇവിടെ ജയിച്ചാൽ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും''

- സിന്ധു എസ്. പ്രഭു