election

 ജോസഫിൽ നിന്ന് തിരിച്ചു പിടിക്കാൻ കോൺഗ്രസ്

കോട്ടയം: തുടർചർച്ചകൾ പല തവണ നടത്തിയിട്ടും കോട്ടയം ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫ് , യു.ഡി.എഫ് മുന്നണികളിൽ സീറ്റ് ധാരണയായില്ല. ജോസഫ് വിഭാഗത്തിന് കൊടുത്ത ഒമ്പതു സീറ്റിൽ രണ്ട് സീറ്റ് തിരിച്ചു പിടിക്കാൻ കോൺഗ്രസ് കരുക്കൾ നീക്കുമ്പോൾ ഇടതു മുന്നണിയിൽ പുതിയ ഘടകകക്ഷിയായെത്തിയ ജോസ് വിഭാഗത്തെ പിണക്കാതെ സീറ്റു ധാരണ ഉണ്ടാക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. വെള്ളിയാഴ്ച രാത്രിയും ജോസ് വിഭാഗം നേതാക്കളുമായി സി.പി.എം ചർച്ച നടത്തി. കോട്ടയം ജില്ലയിലെ ശക്തി കണക്കിലെടുത്ത് സി.പി.എമ്മിലും കൂടുതൽ സീറ്റെന്ന നിലപാടിൽ ജോസ് വിഭാഗം ഉറച്ചു നിൽക്കുകയാണ്. സി.പി.ഐയാകട്ടെ ഒരു സീറ്റിൽ കൂടുതൽ വിട്ടു കൊടുക്കില്ലെന്ന കടുത്ത നിലപാടിലുമാണ് . യു.ഡി.എഫിൽ ജോസഫിന് കൊടുത്ത ചില സീറ്റുകൾ കോൺഗ്രസ് തിരിച്ചു പിടിക്കുന്നത് കൂടി നോക്കിയായിരിക്കും ഇടതു മുന്നണി ജോസിന് നൽകുന്ന സീറ്റുകളുടെ എണ്ണം തീരുമാനിക്കുക. പത്തു സീറ്റ് സി.പി.എം, ഒമ്പതു സീറ്റ് ജോസ് , മൂന്ന് സീറ്റ് സി.പി.ഐ എന്ന ഫോർമുലയാണ് സി.പി.എമ്മിന്റെ മനസിലുള്ളത്. നാല് സീറ്റ് വേണമെന്ന സി.പി.ഐയുടെ കടുംപിടുത്തമാണ് തടസം. പത്തു സീറ്റ് ജോസ്, ഒമ്പതു സീറ്റ് സി.പി.എം എന്ന ജോസ് വിഭാഗം ഫോർമുല വല്യേട്ടൻ മനോഭാവമുള്ള സി.പി.എമ്മിന് അംഗീകരിക്കാൻ കഴിയാത്തതും ധാരണ വൈകിക്കുന്നു.

പത്തിൽ കുറഞ്ഞാൽ പറ്റില്ലെന്ന് സ്റ്റീഫൻ ജോർജ്

കേരളകോൺഗ്രസ് എമ്മിന് ഏറ്റവും കൂടുതൽ സ്വാധീനമുള്ള ജില്ലയായതിനാലാണ് കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നതെന്ന് കേരളാ കോൺഗ്രസ് (ജോസ്) ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. പ്രവർത്തകരില്ലാത്ത ജോസഫിന് യു.ഡി.എഫ് ഒമ്പതു സീറ്റ് ജില്ലാ പഞ്ചായത്തിൽ നൽകിയതിനാൽ അതിൽ കൂടുതൽ സീറ്റിന് തങ്ങൾക്ക് അർഹതയുണ്ട്. പത്ത് സീറ്റിൽ കുറഞ്ഞ ഫോർമുല അംഗീകരിക്കില്ലെന്നും സ്റ്റീഫൻ പറഞ്ഞു.

തിരിച്ചുപിടിക്കാൻ കോൺഗ്രസ്, മറുകളിക്ക് ജോസഫ്

ജോസഫ് വിഭാഗത്തിന് ഒമ്പതു സീറ്റ് ജില്ലാ പഞ്ചായത്തിൽ നൽകിയത് കോൺഗ്രസിൽ പൊട്ടിത്തെറിക്കു വഴിമരുന്നിട്ടതോടെ തൃക്കൊടിത്താനം, വെള്ളൂർ സീറ്റുകൾ തിരിച്ച പിടിക്കാനുള്ള ആലോചനയിലാണ് കോൺഗ്രസ് നേതൃത്വം. പി.ജെ.ജോസഫിന് വേണ്ടപ്പെട്ടവരെ ഇവിടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് സീറ്റ് വിട്ടു കൊടുക്കാതിരിക്കാനുള്ള കളിയാണ് ജോസഫ് വിഭാഗം നടത്തുന്നത്. വൈക്കം സീറ്റ് ജോസഫിന് കൊടുത്തെങ്കിലും ഇവിടെ ഇരുപാർട്ടിക്കും സ്വീകാര്യനായ പൊതു സ്വതന്ത്രനെ നിറുത്തി ഈ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കവും കോൺഗ്രസ് നടത്തുന്നുണ്ട് .