പൊൻകുന്നം : ചിറക്കടവിൽ ഇന്ന് പ്രൗഢഗംഭീരമായ പഞ്ചായത്ത് ഓഫീസ് മന്ദിരത്തിൽ കയറിയിറങ്ങുമ്പോൾ നാട്ടിലാരും ഓർമിക്കുന്നുണ്ടാവില്ല 67 വർഷം മുൻപത്തെ ആദ്യപഞ്ചായത്ത് ഓഫീസിന്റെ പരാധീനതകൾ. ഓടിട്ട ഇരുനിലക്കെട്ടിടത്തിന്റെ മുകളിലെ ഒറ്റമുറിയിൽ ഒതുങ്ങിക്കൂടിയ പഞ്ചായത്തായിരുന്നു അന്ന് ചിറക്കടവിന്. പൊൻകുന്നം ടൗണിൽ ഇപ്പോഴും പൊൻകുന്നം സഹകരണബാങ്ക് മന്ദിരത്തിന് സമീപം ഈ കെട്ടിടമുണ്ട്. 11 പഞ്ചായത്തംഗങ്ങളും മൂന്ന് ജീവനക്കാരും ഒത്തുകൂടി നാടിന്റെ ഭരണം നിർവഹിച്ചിരുന്നത് ഇടുങ്ങിയ മുറിയിലെ യോഗത്തിലൂടെയായിരുന്നു. 1953ൽ തിരുവിതാംകൂർ രാജ്യത്തിന് കീഴിലായിരുന്നു അന്നത്തെ പഞ്ചായത്ത്. ചിറക്കടവിൽ 11 വാർഡുകളാണുണ്ടായിരുന്നത്. ഒരു സംവരണപ്രതിനിധിയുൾപ്പെടെ 12 അംഗങ്ങളായിരുന്നു കമ്മിറ്റിയിൽ. കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും പ്രധാനകക്ഷികളായിരുന്ന അക്കാലത്ത് കോൺഗ്രസിനായിരുന്നു ചിറക്കടവിൽ ഭരണം. കെ.ജി.കേശവൻ നായരായിരുന്നു പ്രഥമ പ്രസിഡന്റ്. പിന്നീട് ഐക്യകേരളം നിലവിൽ വന്നതിന് ശേഷമാണ് ഇന്നത്തെ രീതിയിലുള്ള പഞ്ചായത്ത് ഭരണസംവിധാനത്തിലേക്ക് മാറിയത്.