pravu

വാകത്താനം: വെറുമൊരു പ്രാവിനെയല്ല, പ്രാണനുവേണ്ടി യാചിക്കുന്ന ഒരു ജീവനെയാണ് അവർ കണ്ടത്. അങ്ങിനെ കെ.എസ്. ഇ.ബി ജീവനക്കാരും നാട്ടുകാരും കൈകോർത്തപ്പോൾ വൈദ്യുതി പോസ്റ്റിലെ കമ്പികൾക്കിടയിൽ കുരുങ്ങിയ പ്രാവ് വീണ്ടും ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു.

ഇന്നലെ ഉച്ചക്കഴിഞ്ഞ് ഞാലിയാകുഴി പഞ്ചായത്തിന് മുൻവശത്തെ വൈദ്യുതി പോസ്റ്റിലാണ് പ്രാവിനെ കമ്പിയിൽ കുടുങ്ങിയ നിലയിൽ കണ്ടത്. പ്രാവിന്റ കാലിൽചുറ്റിയ നൂൽ കമ്പിയിൽ ഉടക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഒരാൾ കെ.എസ്. ഇ. ബി അധികൃതരെ വിവരമറിയിച്ചു. തുടർന്ന് ജീവനക്കാരെത്തി കുടുങ്ങിക്കിടന്ന പ്രാവിനെ എടുത്ത് കാലിൽ കുരുങ്ങിയ നൂൽ നീക്കി. പ്രാവിന് വെള്ളം കൊടുക്കുകയും നൂൽ കുരുങ്ങി മുറിഞ്ഞ കാലിൽ മഞ്ഞൾ പുരട്ടുകയും ചെയ്തു. മരണ ഭീതിയിൽ നിന്നും കരകയറിയ പ്രാവിനെ എല്ലാവരും ചേർന്ന് ആകാശത്തേയ്ക്ക് പറത്തി വിട്ടു. വാകത്താനം കെ.എസ്.ഇ.ബി ജീവനക്കാരായ ഷിബു, രാജീവ്, കൊച്ചുമോൻ, ദീപു, മധു എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കിയത്.