pachathuruth

കോട്ടയം: വർഷങ്ങളായി കാടുകയറി മാലിന്യം നിറഞ്ഞ് കിടന്നിരുന്ന സ്ഥലത്തിന് മോചനമായി.
പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ പരിസരത്തെ 18 സെന്റ് സ്ഥലം പച്ചത്തുരുത്തായി മാറി. പ്രകൃതിയെ അറിഞ്ഞും ജൈവ വൈവിദ്ധ്യത്തിന്റെ മനോഹാരിത കണ്ടും പഠനം നടത്താൻ വിദ്യാർത്ഥികൾ ഉൾപ്പടെ ഉള്ളവർക്ക് അവസരം ഒരുക്കുകയാണ് പച്ചത്തുരുത്ത് കൊണ്ട് ലക്ഷ്യമിടുന്നത്.

ഹരിതകേരളം മിഷൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി, പള്ളം ബ്ലോക്ക് പഞ്ചായത്ത്, വിജയപുരം ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്ത സഹകരണത്തിലാണ് പച്ചത്തുരുത്ത് നിർമ്മിച്ചത്.

തൊഴിലുറപ്പ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ കാട് തെളിച്ച് ഇവിടത്തെ മാലിന്യങ്ങൾ നീക്കം ചെയ്തു. തുടർന്ന് പച്ചത്തുരുത്തിനായി തിരഞ്ഞെടുത്ത സ്ഥലത്ത് മുള കൊണ്ട് സംരക്ഷണ വേലി നിർമ്മിച്ചു. ദശപുഷ്പ ഉദ്യാനം, ശലഭോദ്യാനം, ഔഷധ സസ്യ ഉദ്യാനം, ഫല വൃക്ഷങ്ങൾ, അലങ്കാര ചെടികൾ, തണൽ മരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള പച്ചത്തുരുത്ത് നിർമ്മാണം പൂർത്തിയായി. ഇവിടെ എത്തുന്ന സന്ദർശകർക്കായി മുളകൊണ്ടുള്ള ഇരിപ്പടങ്ങളും ഒരുക്കിയിട്ടുണ്ട്.

വെള്ളം കയറി പളളം ബ്ലോക്ക് പരിസരത്ത് ഉപയോഗശൂന്യമായി കിടന്നിരുന്ന ടയറുകളിൽ മണ്ണു നിറച്ചാണ് ദശപുഷ്പ ഉദ്യാനം തയ്യാറാക്കിയത്. ശലഭങ്ങളെ അറിയുക സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രാജമല്ലി, കിലുക്കി, കൃഷ്ണകിരീടം, മന്ദാരം, ചെമ്പരത്തി, ചെത്തി തുടങ്ങി ഇവയെ ആകർഷിക്കുന്ന ചെടികൾ നട്ടാണ് ശലഭോദ്യാനം ഒരുക്കിയിരിക്കുന്നത്. കൃഷ്ണ തുളസി, പനിക്കൂർക്ക, ആടലോടകം, ആര്യവേപ്പ്, കീഴാർനെല്ലി, രാമതുളസി, പെപ്പർമെന്റ് തുളസി, മൈലാഞ്ചി, അശോകം തുടങ്ങി നിരവധി ഔഷധ സസ്യങ്ങൾ ഉൾപ്പെടുത്തി ഔഷധ സസ്യ ഉദ്യാനവും തയ്യാറാക്കിയിരിക്കുന്നു. കൂടാതെ ചെറി, പനിനീർ ചാമ്പ, അമ്പഴം, പേര, മാവ്, റൂബിക്ക എന്നീ ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചിരിക്കുന്നു.


പ്രധാന സവിശേഷതകൾ

ദശപുഷ്പ ഉദ്യാനം, ശലഭോദ്യാനം, ഔഷധ സസ്യ ഉദ്യാനം, ഫല വൃക്ഷങ്ങൾ, അലങ്കാര ചെടികൾ, തണൽ മരങ്ങൾ, ഇരിപ്പിടങ്ങൾ