എരുമേലി : നാളെ മണ്ഡലകാലം ആരംഭിക്കാനിരിക്കെ എരുമേലിയിൽ നിറയെ മാലിന്യക്കൂമ്പാരം. ഗ്രാമപഞ്ചായത്ത് ശുചിത്വമിഷൻ പദ്ധതിയുടെ ഭാഗമായി 5 ലക്ഷം രൂപ മുതൽ മുടക്കി സ്ഥാപിച്ച മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലാണ് മാലിന്യം കുന്നുകൂടിക്കിടക്കുന്നത്. ക്ലീൻ കേരള വിഭാഗത്തിനായിരുന്നു മാലിന്യം നീക്കുന്നതിനുള്ള ചുമതല. ഇത് കൃത്യമായി ചെയ്യാത്തതാണ് മാലിന്യം പെരുകാൻ ഇടയാക്കിയത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്, ചില്ല്, മറ്റ് മാലിന്യങ്ങൾ എന്നിവ വെവ്വേറെ നിക്ഷേപിക്കുവാനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. എന്നാൽ ക്ലീൻ കേരള വിഭാഗത്തിന്റെ നിസഹകരണം മൂലം ഇത് മുടങ്ങിയിരിക്കുകയുമാണ്.