കോട്ടയം: ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തിൽ യു.ഡി.എഫിലും എൻ.ഡി.എയിലും ധാരണയായി. ഇടതു മുന്നണിയിൽ ധാരണയായില്ല. സി.പി.എം നേതാക്കൾ സി.പി.ഐ , കേരള കോൺഗ്രസ് ജോസ് വിഭാഗവുമായുള്ള മാരത്തോൺ ചർച്ച തുടരുകയാണ്.
കൂടുതൽ സീറ്റെന്ന കടും പിടിത്തവുമായി ജോസ് വിഭാഗവും നാല് സീറ്റെന്ന നിലപാടിൽ സി.പി.ഐയും ഉറച്ചു നിൽക്കുന്നതിനാൽ ധാരണയിൽ എത്താൻ കഴിയാതെ അവസ്ഥയിലാണ് ഇടതു മുന്നണി . 22ൽ പത്ത് സീറ്റ് വേണമെന്ന് സി.പി.എമ്മും കേരള കോൺഗ്രസ് ജോസും ഒരു പോലെ ആവശ്യപ്പെടുകയാണ്. നേരത്തേ 11 സീറ്റെന്ന നിലപാടിൽ നിന്ന് പത്തിലേക്ക് ജോസ് വിഭാഗം താഴ്ന്നു. അതേ സമയം ഒമ്പതു സീറ്റേ നൽകൂ എന്ന നിലപാടിലാണ് സി.പി.എം.
സി.പി.എം 10, ജോസ് വിഭാഗം 9, സി.പി.ഐ 3 എന്ന നിർദ്ദേശം ജോസും സി.പി.ഐയും തള്ളി. നാല് സീറ്റിനു പകരം സി.പി.ഐ മൂന്നു സീറ്റിലേക്ക് താഴ്ന്നാൽ ഒമ്പത്, ഒമ്പത്, മൂന്ന് എന്ന ധാരണ ഉണ്ടാക്കാമെന്ന കണക്കു കൂട്ടലിലാണ് സി.പി.എം. എന്നാൽ സി.പി.ഐ ഇതും തള്ളി. അഞ്ച് സീറ്റിൽ നിന്ന് ഒന്ന് ജോസിന് കൊടുത്തു. ഇനി കൊടുക്കാനില്ല, നാല് സീറ്റിൽ കുറച്ച് മത്സരിക്കാനുമില്ലെന്നാണ് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ ആവർത്തിക്കുന്നത്. യു.ഡി.എഫും എൻ.ഡി.എയും സീറ്റ് വിഭജനം പൂർത്തിയാക്കിയ സാഹചര്യത്തിൽ ഇടതു ചർച്ച തീരുമാനമാകാതെ നീളുന്നതിൽ സി.പി.എം നേതാക്കൾ അസ്വസ്ഥരാണ് .
മുസ്ലീം ലീഗിനെ അനുനയിപ്പിച്ചത് ഉമ്മൻചാണ്ടി
എരുമേലി സീറ്റ് കിട്ടാത്തതിന്റെ പേരിൽ ഇടഞ്ഞു നിന്ന മുസ്ലീം ലീഗിനെ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നിർദേശ പ്രകാരം ഉമ്മൻചാണ്ടി മുൻകൈയെടുത്ത് അനുനയിപ്പിച്ചതോടെ കോട്ടയം ജില്ലാ പഞ്ചായത്തിലെ യു.ഡി. എഫ് സീറ്റ് വിഭജനം പൂർത്തിയായി. ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിൽ നടന്ന ചർച്ചയിൽ പഞ്ചായത്ത് തലത്തിൽ കൂടുതൽ സീറ്റ് നൽകാമെന്ന വാഗ്ദാനത്തെ തുടർന്നാണ് എരുമേലി സീറ്റ് വേണമെന്ന ആവശ്യത്തിൽ നിന്ന് മുസ്ലിം ലീഗ് പിന്മാറിയത്. എരുമേലി സീറ്റ് നൽകിയില്ലെങ്കിൽ ജില്ലാ പഞ്ചായത്തിൽ അഞ്ചിടത്ത് സ്വതന്ത്രമായി മത്സരിക്കുമെന്നായിരുന്നു മുസ്ലിം ലീഗിന്റെ ഭീഷണി.
22 ഡിവിഷനുകളിൽ 9 സ്ഥലത്ത് ജോസഫ് പക്ഷവും 13 ഇടത്ത് കോൺഗ്രസും മത്സരിക്കാനാണ് ധാരണയെങ്കിലും വൈക്കം ജോസഫ് പക്ഷത്തു നിന്ന് തിരിച്ചെടുക്കാൻ കോൺഗ്രസ് കടുത്ത സമ്മർദ്ദം തുടരുകയാണ്. അതേ സമയം വൈക്കത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ജോസ് വിഭാഗം പ്രചാരണം തുടങ്ങി.
യു.ഡി.എഫ്- കോൺഗ്രസ് -13, ജോസഫ് -9
എൻ.ഡി.എ - ബി.ജെ.പി-19 ,ബി.ഡി.ജെ.എസ് -3