mic

കോട്ടയം: മൈക്കുകളും ലൈറ്റുകളും ആംപ്ലിഫയറും പൊടിതട്ടിയെടുത്തു പ്രവർത്തന സജ്ജമാക്കുകയാണ് ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ തൊഴിലാളികളും ഉടമകളും. ലോക്ക് ഡൗൺ സമയത്ത് ഷെഡ്ഡിൽ കയറ്റിയ ഉപകരണങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ.

കൊവിഡ് പശ്ചാത്തലത്തിൽ സമ്മേളനങ്ങൾക്കും മറ്റും നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം നിലനിറുത്താൻ അനൗൺസ്‌മെന്റ് ഉൾപ്പെടെയുള്ള പ്രചാരണങ്ങൾ അത്യന്താപേക്ഷിതമാണ്. എല്ലാത്തവണത്തേയും പോലെ ഇല്ലെങ്കിലും കുറച്ച് ദിവസമെങ്കിലും ലൈറ്റ് ആൻഡ് സൗണ്ട്സ് മേഖലയെ സ്ഥാനാർത്ഥികൾ ആശ്രയിക്കേണ്ടി വരുമെന്നതാണ് ഇവരുടെ പ്രതീക്ഷ.

 ശബ്ദം നിലച്ചു

ആറ് മാസത്തിലേറെയായി ശബ്ദവും വെളിച്ചവും നിലച്ചിട്ട്. കൊവിഡ് വ്യാപനവും നിയന്ത്രണങ്ങളും മൂലം ലൈറ്റ് ആൻഡ് സൗണ്ട് മേഖലയെ താങ്ങി നിർത്തിയിരുന്ന ഉത്സവ കാലത്തിന്റെ പകുതിയും ഓണക്കാലവും നഷ്ടപ്പെട്ടു. ഇനി വരാൻ പോകുന്ന ഉത്സവകാലം എങ്ങനെയാവും എന്നതിൽ കടുത്ത ആശങ്ക നിലനിൽക്കുമ്പോഴാണ് പിടിവള്ളിയായി തിരഞ്ഞെടുപ്പ് എത്തിയത്. വിവാഹം, പൊതുയോഗങ്ങൾ, സമ്മേളനങ്ങൾ, സമരങ്ങൾ, ഉദ്ഘാടന പരിപാടികൾ, കലാപരിപാടികൾ എന്നിവയെല്ലാം നഷ്ടമായ ലൈറ്റ് ആൻഡ് സൗണ്ട് മേഖലയ്ക്ക് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ വിലക്കുണ്ടാകില്ലെന്നാണ് പ്രതീക്ഷ. കൊട്ടിക്കലാശം ഒഴിവാക്കിയിട്ടുണ്ടെങ്കിലും അനൗൺസ്‌മെന്റ് ഉൾപ്പെടെയുള്ളവ മേഖലയ്ക്ക് ജീവശ്വാസമാകും.

 കനത്ത നഷ്ടം

വായ്പയെടുത്ത് ഉപകരണങ്ങൾ വാങ്ങി മേഖലയിൽ പിടിച്ചു നിന്നവർ ഇപ്പോൾ കടക്കെണിയിലാണ്. മാസങ്ങളോളം ഇലക്ട്രോണിക് ഉപകരണങ്ങളും ജനറേറ്ററുകളും ഉപയോഗിക്കാത്തതിനാൽ പലതും തകരാറിലായി ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. തൊഴിലാളികളിൽ പലരും മറ്റു തൊഴിൽ തേടി പോയി. ഇവരെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനങ്ങളുടെ ഉടമകൾ.

'' അനൗൺസ്മെന്റിനുള്ള അനുവാദം നൽകണമെന്ന് ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇലക്ഷൻ കമ്മിഷൻ ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളുമായി ഉടനെ ചർച്ച നടത്തുന്നുണ്ട്. മുൻപ് പതിനഞ്ച് ദിവസമെങ്കിലും വർക്കുണ്ടായിരുന്നു. ഇക്കുറി അത് അഞ്ചു ദിവസത്തേയ്ക്കെങ്കിലും കിട്ടുമെന്ന പ്രതീക്ഷയാണ്. ''

പി.എച്ച് ഇക്ബാൽ, സംസ്ഥാന ട്രഷറർ, ലൈറ്റ് ആൻഡ് സൗണ്ട് വെൽഫയർ അസോ. ഒഫ് കേരള