പൊൻകുന്നം : പട്ടണത്തിലെ പ്രധാന കൈവഴിയായ സബ്‌ജയിൽ റോഡ് കാടുവളർന്ന് ശോച്യാവസ്ഥയിലായി. ഇരുവശത്ത് നിന്ന് വളർന്നുകയറിയ കാട് ടാറിംഗിൽ വരെയെത്തി. മിനിസിവിൽ സ്റ്റേഷന് പിന്നിലൂടെയുള്ള റോഡ് കാൽനടയാത്രക്കാരുടെ പ്രധാന സഞ്ചാരവഴിയാണ്. വീതി കുറവായ റോഡിലേക്ക് കാടുവളർന്ന് കയറിയതോടെ ഇതുവഴിയുള്ള യാത്ര ഭീതിയോടെയാണെന്ന് പ്രദേശവാസികൾ പറയുന്നു.
പി.പി റോഡിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമെത്തുന്ന ഈ റോഡരികിൽ നിരവധി വീട്ടുകാർ താമസിക്കുന്നതാണ്. ടൗണിന്റെ തിരക്കിൽപ്പെടാതെ സുരക്ഷിത യാത്രയ്ക്കാണ് കാൽനടയാത്രക്കാർ ഈ പാതയെ ആശ്രയിക്കുന്നത്. എന്നാൽ സുരക്ഷ ഒട്ടുമില്ലാത്ത സ്ഥിതിയാണ് ഇവിടെ.
വഴിവിളക്കുമില്ല, ഭീതി
12 അടി വീതിയുള്ള റോഡ് പകുതിയോളം കാട് മൂടിയ നിലയിലാണ്. നഗരത്തോട് ചേർന്ന് കിടക്കുന്ന റോഡിൽ വഴിവിളക്ക് പോലുമില്ല. സബ്‌ജയിലിലേക്കുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ വഴിയാത്രക്കാർക്ക് അരികിലേക്കൊതുങ്ങി നിൽക്കാൻ ഇടമില്ല. ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായതിനാൽ ഭീതിയോടെയാണ് ഇതുവഴി പലരും കടന്നു പോകുന്നത്.
ബൈപാസാക്കണം
റോഡ് വീതികൂട്ടി പോസ്റ്റ് ഓഫീസ് റോഡുമായി ബന്ധിപ്പിച്ച് ബൈപാസാക്കി മാറ്റണമെന്ന നിർദ്ദേശത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പി.പി റോഡിലൂടെയെത്തുന്ന ബസുകൾക്ക് തിരക്കിൽപ്പെടാതെ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്താനും മറ്റു വാഹനങ്ങൾക്ക് പോസ്റ്റ്ഓഫീസ് റോഡിലൂടെ ദേശീയപാതയിൽ എത്താനും കഴിയും.