school

ചിങ്ങവനം : കൊവിഡിന് ശേഷം സ്‌കൂൾ തുറന്ന് വരുന്ന കുട്ടികളെ കാത്തിരിക്കുകയാണ് ശലഭങ്ങളും, ഔഷധങ്ങളും ഫലവൃക്ഷങ്ങളും നിറഞ്ഞ പച്ചത്തുരുത്ത്. പരുത്തുംപാറ കുഴിമറ്റം എൽ.പി സ്‌കൂളിലാണ് ഹരിതവർണം എന്ന പേരിൽ പച്ചത്തുരുത്ത് നിർമ്മിച്ചിരിക്കുന്നത്. അന്യം നിന്നതും പുത്തൻ തലമുറ അറിയാതെ പോയതും നഷ്ടപ്പെട്ടതുമായ ബാല്യം തിരിച്ചു പിടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സ്‌കൂളിലെ പാർക്കിന് സമീപത്തായുള്ള 15 സെന്റ് സ്ഥലത്താണ് പച്ചത്തുരുത്ത് നിർമ്മിച്ചിരിക്കുന്നത്. ഹരിത കേരള മിഷൻ, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷമാണ് പച്ചതുരുത്തിന് തുടക്കം കുറിച്ചത്.

ഔഷധസസ്യങ്ങളുടെ ശേഖരം
കൂവളം, അത്തി, ആൽ, ഞാവൽ, കണിക്കൊന്ന, ആത്ത, പ്ലാവ്, മാവ് തുടങ്ങി അമ്പതോളം മരങ്ങൾ ഇവിടെ സംരക്ഷിച്ചു വരുന്നു. കൂടാതെ ആര്യവേപ്പ്, തുളസി, ലക്ഷ്മി തരു, പനിക്കൂർക്ക, കരിനൊച്ചി തുടങ്ങി വിവിധ ഔഷധസസ്യങ്ങൾ കൂടി പച്ചതുരുത്തിൽ നട്ടു പരിപാലിച്ചു വരുന്നു. തൊഴിലുറപ്പ് പ്രവർത്തകരുടെ നേതൃത്വത്തിൽ മുളകൊണ്ട് ജൈവവേലിയും ഇരിപ്പിടങ്ങളും നിർമ്മിച്ചിട്ടുണ്ട്.

ഹരിതക്ലബും സജീവം

വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഹരിത ക്ലബും രൂപീകരിച്ചിട്ടുണ്ട്. പൂർണമായും ഹരിത പ്രോട്ടോക്കോൾ പ്രകാരമാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി സ്‌കൂളിൽ ഉച്ചഭക്ഷണത്തിന് സ്റ്റീൽ പ്ലേറ്റ്, ഗ്ലാസ്, കാർഡ് ബോർഡ് പെട്ടി ഉപയോഗിച്ചുള്ള വേസ്റ്റ് ബിൻ എന്നിവയാണ് ഉപയോഗിക്കുന്നത്. ലോക് ഡൗണിന് മുൻപ് സ്‌കൂളിൽ കൃഷി വകുപ്പുമായി ചേർന്ന് ജൈവ പച്ചക്കറി കൃഷി ചെയ്തിരുന്നു. ജലസംരക്ഷണ വകുപ്പുമായി ചേർന്ന് മഴവെള്ള സംഭരണി, കിണർ റീചാാർജിംഗ് എന്നിവയുടെ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.

ഹരിതമിഷൻ പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പ്രവർത്തകരുടെ സഹായത്തോടെ നിർമ്മിച്ച പച്ചതുരുത്ത് കുട്ടികൾക്ക് വൈവിദ്ധ്യമാർന്ന പഠനത്തിനും വിവിധ വർണ്ണത്തിലുള്ള പൂക്കളെക്കുറിച്ച് അറിയുന്നതിനും സഹായകമാകും. അവർ കണ്ടിട്ടില്ലാത്ത ഔഷധ സസ്യങ്ങളെക്കുറിച്ചും അവയുടെ ഗുണങ്ങളെക്കുറിച്ചും അറിയുന്നതിനും ഇതിലൂടെ സാധിക്കും

മറിയാമ്മ ജോർജ്,ഹെഡ്മിസ്ട്രസ്