അടിമാലി: അടിമാലി മേഖലയിലെ ആദിവാസി കുടുംബങ്ങൾ കാലങ്ങളായി കൃഷിചെയ്തു വരുന്ന ഭൂമിയിലെ ഏലച്ചെടികൾ വെട്ടി നശിപ്പിക്കുകയും കൃഷി ദേഹണ്ഡങ്ങൾ തകർക്കുകയും ചെയ്യുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ആദിവാസി സമൂഹത്തോടുള്ള വെല്ലുവിളിയും വനാവകാശങ്ങളിൻ മേലുള്ള കടന്നുകയറ്റമാണെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.

ചാറ്റുപാറ മച്ചിപ്ലാവ് തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസി വിഭാഗങ്ങൾക്കായി 1953 ൽ മണപ്പാടൻ പൂലാൻ കാണിയുടെ പേരിൽ കുത്തകപാട്ടവ്യവസ്ഥയിൽ ഏലം കൃഷിക്ക് വേണ്ടി നൽകിയിട്ടുള്ളതും കാലങ്ങളായി കൃഷിചെയ്തു വരുന്നതുമായ ഭൂമിയിലെ കൃഷിയാണ് തുടർച്ചയായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ വെട്ടി നശിപ്പിക്കുന്നത്. വന സംരക്ഷകരും ഭൂമിയുടെ നേരവകാശികളുമായ ആദിവാസികളുടെ ജീവിതത്തിനുമേൽ കടന്നു കയറാൻ ആരെയും അനുവദിക്കാൻ കഴിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വനം മന്ത്രിക്കും ചീഫ് പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ, പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ എന്നിവർക്കും പരാതി നൽകിയതായി എം.പി.അറിയിച്ചു.