പൊൻകുന്നം : ഇരുപത്തിയഞ്ച് വർഷത്തെ ദുർഭരണത്തെ തൂത്തെറിഞ്ഞ് ഇത്തവണ ചിറക്കടവിൽ എൻ.ഡി.എ വിജയക്കൊടി പാറിക്കുമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് സർക്കാർ ഭൂമി കൈയേറിയത് അധികാര ദുർവിനിയോഗത്തിന് തെളിവാണ്. എൽ.ഡി.എഫും യു.ഡി.എഫും ചേർന്ന് ബിജെപിയെ തറപറ്റിക്കാമെന്ന എക്കാലത്തെയും തന്ത്രം ഇക്കുറി വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. ഹരിലാൽ അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു, മണ്ഡലം പ്രസിഡന്റ് ടി.ബി. ബിനു, ജില്ലാ കമ്മറ്റിയംഗം വി.ആർ. രവികുമാർ, ജില്ലാ സെൽ കോ-ഓർഡിനേറ്റർ കെ.ജി. കണ്ണൻ,തുടങ്ങിയവർ പങ്കെടുത്തു.