കട്ടപ്പന: തിരഞ്ഞെടുപ്പ് അടുത്തതോടെ ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി പ്രതിഷേധവുമായി നാട്ടുകാർ. ''വോട്ട് ചോദിച്ച് വരേണ്ട'' എന്ന മുന്നറിയിപ്പുമായി കട്ടപ്പന കുന്തളംപാറയിലെ വിവിധ മേഖലകളിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കട്ടപ്പനവട്ടുകുന്നേൽപ്പടികുന്തളംപാറ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചാണ് കുന്തളംപാറയിലെ വിവിധ മേഖലകളിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. 10 വർഷത്തിലധികമായി തകർന്നുകിടക്കുന്ന റോഡിൽ യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡിനെ തിരിഞ്ഞുനോക്കാത്ത മെമ്പർമാരും അവരുടെ പാർട്ടിക്കാനും വോട്ട് ചോദിച്ച് ഈ വഴി വരരുത് എന്നിങ്ങനെയാണ് കുന്തളംപാറ റെസിഡന്റ്‌സ് വികസന വേദിയുടെ പേരിൽ സ്ഥാപിച്ച ബോർഡുകളിലുള്ളത്. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ ഇരുചക്ര വാഹനയാത്രികർ അപകടത്തിൽപെടുന്നത് പതിവാണ്. കൂടാതെ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കുഴികളിൽ പതിച്ച് കേടുപാട് സംഭവിക്കുന്നതായും നാട്ടുകാർ ആരോപിച്ചു. റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയവർ പിന്നീട് അവഗണിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.