election

ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭ സീറ്റ് ചർച്ച ദിവസങ്ങൾ പിന്നിട്ടിട്ടും എങ്ങുമെത്താഞ്ഞതോടെ തർക്ക പരിഹാരത്തിനായി യു.ഡി.എഫ് ജില്ലാ കമ്മിറ്റിക്ക് വിട്ടു. കേരള കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച 9 സീറ്റുകളും വേണമെന്ന ജോസഫ് വിഭാഗത്തിന്റെ നിലപാടാണ് തർക്കമായത്. കേരള കോൺഗ്രസ് പിളർന്നതിനാൽ ഇത്രയും സീറ്റുകൾ നല്കാനാകില്ലെന്ന് കോൺഗ്രസ് ശഠിച്ചു. കോൺഗ്രസ് ഗ്രൂപ്പുകളും തൊഴിലാളി സംഘടനയും സ്ഥാനാർത്ഥിത്വം ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ കോൺഗ്രസിനുള്ളിലെ സ്ഥാനാർത്ഥി നിർണ്ണയവും പ്രശ്നമായി. ഇന്ന് ഉച്ചകഴിഞ്ഞ് നടക്കുന്ന ജില്ലാ യു.ഡി.എഫ് കമ്മിറ്റിയിൽ തർക്കങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. എന്ത് തന്നെയായാലും ചൊവ്വാഴ്ച നാമനിർദേശ പത്രിക നൽകാനാകുമെന്നാണ് യു.ഡി.എഫ് നേതൃത്വം കരുതുന്നത്.

കേരള കോൺഗ്രസ് ജോസ്, ജനാധിപത്യ കേരള കോൺഗ്രസ് എന്നിവരുമായുള്ള തർക്കം ഇന്നത്തോടെ പരിഹരിക്കുമെന്ന് എൽ.ഡി.എഫ് നേതൃത്വം അറിയിച്ചു. വിവിധ പഞ്ചായത്തുകളിൽ സീറ്റു ധാരണയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല. എൻ.ഡി.എയിൽ ബി.ജെ.പി. സ്ഥാനാർത്ഥികളായി. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.