k-congress

കേരള കോൺഗ്രസിന്റെ ഏതു ഗ്രൂപ്പാണെങ്കിലും ഏതു മുന്നണിയിൽ ചെന്നാലും അവിടത്തെ സ്വസ്ഥത ഇല്ലാതാക്കുമെന്ന് പറഞ്ഞു പോവുകയാണ് വിവിധ പാർട്ടി നേതാക്കൾ.

ഏതു തിരഞ്ഞെടുപ്പിലും ആദ്യം സീറ്റ് വിഭജനം പൂർത്തിയാവുക എന്ന ഇടതു മുന്നണിയിലെ പതിവ് ജോസ് വിഭാഗം ഇടതു മുന്നണിയിലെത്തിയതോടെ അവസാനം സീറ്റു വിഭജനമെന്നതായി മാറിയെന്നാണ് ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫും എൻ.ഡി.എയും സീറ്റ് വിഭജനം പൂർത്തിയാക്കിയിട്ടും ഇടതു മുന്നണിക്ക് കഴിയാത്തത് തെളിയിക്കുന്നത്.

ജോസഫ് വിഭാഗത്തിന് കോട്ടയത്ത് വലിയ ശക്തിയുണ്ടെന്ന് അവർ പോലും പറയുമെന്നു തോന്നുന്നില്ല .എന്നിട്ടും യു.ഡി.എഫിൽ കഴിഞ്ഞ തവണ ജോസും ജോസഫും ചേർന്ന കേരളകോൺഗ്രസ് മത്സരിച്ച 11 സീറ്റാണ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടത്. ഇടതു മുന്നണിക്കിട്ട് പാര പണിയാനെന്നോണം രണ്ട് സീറ്റ് മാത്രം ഇപ്പോഴുള്ള ജോസഫിന് കോൺഗ്രസ് ഒമ്പതു സീറ്റ് കൊടുത്തത് ലോട്ടറി അടിച്ചതു പോലായി. ഇതോടെ പ്രശ്നമായത് ഇടതു മുന്നണിയിലാണ്. ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണുനീര് കണ്ടാൽ മതിയെന്ന പഴം ചൊല്ല് എപ്പോഴും ഓർക്കുന്നവരാണ് കേരളകോൺഗ്രസുകാർ. കുഴിയാനയായ ജോസഫിന് ഒമ്പതു കിട്ടിയാൽ മദയാനയായ തങ്ങൾക്ക് 11 സീറ്റ് കിട്ടണമെന്ന കടുത്ത നിലപാടിലായി അവർ. ജോസിനു കൂടി കൊടുത്ത സീറ്റുള്ളതിനാൽ യു.ഡി.എഫിൽ പ്രശ്നമില്ല. എന്നാൽ ഇടതു മുന്നണിയിലെ പുതിയ ഘടക കക്ഷിയായതിനാൽ ജോസിന് സി.പി.എം, സി.പി.ഐ കക്ഷികളുടെ സീറ്റിൽ നിന്ന് എടുത്തു കൊടുക്കണം. ആരുടെ എടുത്താലും വേണ്ടില്ല തങ്ങൾക്ക് 11 വേണമെന്ന നിലപാടിൽ അവർ ഉറച്ചു നിന്നതോടെ ചർച്ച വഴിമുട്ടി. വേലിയേലിരുന്ന പാമ്പിനെ എങ്ങാണ്ട് എടുത്തുവെച്ച അവസ്ഥയിലായി സി.പി.എം, സി.പി.ഐ കക്ഷികൾ.

ജോസ് വരുന്നത് കോടാലിയാകുമെന്ന് പണ്ടേ സി.പി.ഐ പറഞ്ഞതാണ് .സി.പി.എം കേട്ടില്ല. സ്വയം അനുഭവിച്ചോ എന്നു പറഞ്ഞ് തങ്ങളുടെ സീറ്റ് ജോസിന് വിട്ടു കൊടുക്കില്ലെന്നായി അവർ. അവസാനം ഒരെണ്ണം കൊടുക്കാമെന്നായി .അതു പോരെന്നായി സി.പി.എം. . 13 സീറ്റിൽ നിന്ന് സി.പി.എം താണ് 10ൽ എത്തി .എന്നാൽ ജോസ് താന്നില്ല. പത്തു തങ്ങൾക്ക് സി.പി.എമ്മിന് ഒമ്പത് സി.പി.ഐക്ക് മൂന്ന് എന്ന് ജോസ് വിഭാഗം വീതം വെക്കാൻ തയ്യാറായതോടെ അത് പള്ളിയിൽ പറഞ്ഞാൽ മതിയെന്നായി സി.പി.ഐ . ഞങ്ങൾക്ക് നാല് ബാക്കി 18 നിങ്ങൾ എങ്ങനെ വേണേലും വീതിച്ചോ എന്ന് സി.പി.ഐ കട്ടായം പറഞ്ഞതോടെ പന്തു സി.പി.എം കോർട്ടിലായി. ജോസിനും ഞങ്ങൾക്കും ഒമ്പത്, സി.പി.ഐക്ക് നാല് എന്ന കണ്ടീഷനും ജോസ് വിഭാഗം അംഗീകരിക്കുന്നില്ല. വല്യേട്ടനിലും കൂടുതൽ സീറ്റ് വലിഞ്ഞുകേറി വന്ന തങ്ങൾക്ക് വേണമെന്ന നിലപാടിൽ ജോസ് വിഭാഗം ഉറച്ചു നിൽക്കുകയാണ്. പത്രിക സമർപ്പിക്കാൻ അധിക ദിവസങ്ങളില്ലാത്തതിനാൽ ഒത്തു തീർപ്പ് ഉണ്ടായേ പറ്റൂ. വേണേൽ ഇത്രേം സീറ്റ് തരാം വേണ്ടേ വേണ്ട എന്ന അവസാന കാർ‌‌‌ഡ് സി.പി.എം എടുത്തു വിരട്ടി പ്രശ്നം തീർക്കാം.

ഇനി ഇടതു മുന്നണിക്കെങ്ങാനും ഭൂരിപക്ഷം ലഭിച്ചാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകാനും ഇതു പോലെ സമ്മർദ്ദ തന്ത്രം പയറ്റാം. അടിയും തുടങ്ങാം.