ചങ്ങനാശേരി: ആനപ്രേമികൾക്കും നാട്ടുകാർക്കും കൗതുകമായി ആനയുടെ എക്സ് റേ എടുപ്പ്. നിരവധി ആളുകളാണ് തുരുത്തിയിലെ സ്വകാര്യ വെറ്ററിനറി ആശുപത്രിയിയിൽ ഇന്നലെ ഈ കാഴ്ച കാണാനെത്തിയത്. കാറപകടത്തിൽ ചികിത്സയിലിരുന്ന പെരിങ്ങേലിപുറം അപ്പു എന്ന 26 വയസുള്ള ആനയുടെ എക്സറേയാണ് റിട്ട. ചീഫ് വെറ്ററിനറി ഡോകടർ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ എടുത്തത്. ആറ് മാസം മുൻപ് ചെങ്ങന്നൂർ അമ്പലത്തിലെ തൃപ്പൂത്ത് ആറാട്ട് കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപ്പുവിനെ കാറിടിച്ചത്.
മാസങ്ങൾ പിന്നിട്ടിട്ടും ആനയുടെ വാൽ അനക്കാൻ കഴിയാത്ത സ്ഥിതിയായി. വിശദമായ പരിശോധനയിൽ വാലിൽ നീർക്കെട്ടുകാണുകയും എക്സറേ എടുക്കണമെന്ന് ഡോക്ടർ നിർദേശിക്കുകയും ചെയ്തു. നിലവിൽ മണ്ണൂത്തി വെറ്ററിനറി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രമാണ് എക്‌സറേ, സ്‌കാൻ തുടങ്ങിയ സംവിധാനങ്ങൾ ഉള്ളത്.
എന്നാൽ, ഇന്നലെ ഈ സൗകര്യമുള്ള സ്വകാര്യ വെറ്ററിനറി ആശുപത്രിയിൽ കമ്പ്യൂട്ടറൈസഡ് ഡിജിറ്റൽ എക്സറേ, മൊബൈൽ യൂണിറ്റ് ഉപയോഗിച്ച് ആനയുടെ എക്സറേ എടുക്കുകയായിരുന്നു. വാലിലിലെ എല്ലിന് ചെറിയ പൊട്ടലുണ്ടെന്ന് കണ്ടതോടെ പ്ലാസ്റ്റർ ഇട്ടു.