കോട്ടയം : ഈരയിൽക്കടവിൽ തുടർച്ചയായി രണ്ടുദിവസങ്ങളിലായുണ്ടായ അപകട മരണങ്ങളിൽ വില്ലനായത് അമിതവേഗമെന്ന് മോട്ടോർവാഹനവകുപ്പ്. രണ്ടു അപകടങ്ങളിലും മരിച്ചത് ഇരുപതും ഇരുപത്തിമൂന്നും വയസുള്ള യുവാക്കളായിരുന്നു. ഇന്നലെ സംഭവ സ്ഥലത്ത് മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ഒന്നരയോടെയുണ്ടായ അപകടത്തിൽ പനച്ചിക്കാട് വില്ലേജ് ഓഫീസ് ജീവനക്കാരനായ ഗോപാലകൃഷ്‌ണന്റെ മകൻ പുതുപ്പള്ളി തൃക്കോതമംഗം ഗോകുലത്തിൽ (കടവിൽപറമ്പിൽ) ഗോകുൽ (20), ശനിയാഴ്‌ച രാത്രി എട്ടോടെയുണ്ടായ അപകടത്തിൽ ചിങ്ങവനം റെയിൽവേ സ്റ്റേഷന് സമീപം ഇടയ്ക്കാട്ടുകൊച്ചുപറമ്പിൽ ജോസിന്റെ ജോയൽ പി ജോസ് (23) എന്നിവരാണ് മരിച്ചത്.
കണ്ടെത്തലുകൾ ഇങ്ങനെ
വേഗത്തിൽ എത്തിയ ബൈക്കുകളുടെ നിയന്ത്രണം നഷ്ടമായി കാറിൽ ഇടിച്ചു കയറി
അപകടത്തിൽപ്പെട്ട രണ്ടു ബൈക്കുകളും എത്തിയത് തെറ്റായ ദിശയിലൂടെ
രണ്ടു ബൈക്കുകളുടെയും അലോയ് വീലുകൾ പൂർണമായും തകർന്നു
ഹെൽമറ്റ് ഉപയോഗിച്ചിരുന്നില്ല, അല്ലെങ്കിൽ സ്‌ട്രാപ്പ് ധരിച്ചിരുന്നില്ല
രണ്ട് അപകടങ്ങളിലും കാറുകൾക്ക് സാരമായ കേടുപാടുണ്ടായി
ശനിയാഴ്‌ചത്തെ അപകടത്തിന് കാരണം
അപകടമുണ്ടായത് വളവും, ഇടറോഡും ചേരുന്ന ഭാഗത്ത്
ലൈറ്റുകളുടെ പ്രകാശം കാരണം ഇരുവരും പരസ്പരം കണ്ടില്ല
ബ്രൈക്ക് ബ്രേക്ക് ചവിട്ടിയതിന്റെ പാടുകൾ റോഡിലില്ല
റോഡിൽ മതിയായ വെളിച്ചമുണ്ടായിരുന്നില്ല
പരിശോധന ശക്തമാക്കും
അപകടം ഒഴിവാക്കുന്നതിനായി മോട്ടോർവാഹന വകുപ്പിന്റെ പരിശോധന ശക്തമാക്കും. രാത്രിയിൽ വെളിച്ചമില്ലാത്തത് അപകടത്തിന്റെ കാരണമായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈരയിൽക്കടവ് റോഡിൽ ലൈറ്റ് അടിയന്തരമായി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകും. സ്റ്റണ്ടിങും അമിത വേഗവും കണ്ടാൽ നാട്ടുകാർ അറിയിക്കണം.
ടോജോ എം.തോമസ്, ആർ.ടി.ഒ
എൻഫോഴ്‌സ്‌മെന്റ് കോട്ടയം