ചങ്ങനാശേരി : മാടപ്പള്ളി ബ്ലോക്കിൽ ഹരിത സേവാകേന്ദ്രങ്ങൾ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാകത്താനം, വാഴപ്പള്ളി എന്നി അഞ്ച് ഗ്രാമപഞ്ചായത്തുകളിലാണ് ഹരിത കേരള മിഷൻ, കുടുംബശ്രീ, ഹരിത സഹായ സ്ഥാപനമായ സോഷ്യോ എക്കണോമിക് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ഹരിത സേവാകേന്ദ്രങ്ങൾ ആരംഭിച്ചത്. കൃഷി-മാലിന്യ സംസ്‌കരണ മേഖലകളിൽ സേവനം നൽകുന്നതിനായാണ് കേന്ദ്രങ്ങൾ ആരംഭിച്ചത്.
പച്ചക്കറി വിത്തുകൾ, പച്ചക്കറിത്തൈകൾ, ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ, ഗ്രോ ബാഗ്, കോകോപീറ്റ്, ഉറവിട മാലിന്യ സംസ്‌കരണ ഉപാധികൾ, ഇനോകുലം തുടങ്ങിയവ ലഭ്യമാകും. പരിശീലനം ലഭിച്ച ഹരിതകർമ്മസേന അംഗങ്ങൾ നിശ്ചിത ഫീസ് അടിസ്ഥാനത്തിൽ കാർഷിക അനുബന്ധ മേഖലകളിൽ സേവനം നൽകും. വീടുകളിൽ നിന്ന് ഹരിതകർമ്മസേന അംഗങ്ങൾ ശേഖരിക്കുന്ന മാലിന്യം വളമായി മാറ്റി വിൽക്കുന്നുണ്ട്. പ്ലാസ്റ്റിക് ശേഖരണത്തിന്റെ ഭാഗമായി വീടുകളിൽ എത്തുന്ന ഹരിതകർമ്മസേന അംഗങ്ങൾ വീടുകളിൽ ആവശ്യമുള്ളവർക്ക് പച്ചക്കറികൾ നടുന്നതിനും പരിപാലിക്കുന്നതും സഹായിക്കും.ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന അണുനശീകരണ ടീമും ഹരിതകർമ്മ സേന യിലുണ്ട്. പൊതു-സ്വകാര്യ ഇടങ്ങൾ നിശ്ചിത ഫീസ് അടിസ്ഥാനത്തിൽ അണുനശീകരണം നടത്തുന്നതിനും ബന്ധപ്പെടാം.
ഹരിതസേവാകേന്ദ്രങ്ങൾ ഇവിടെ
ഞാലിയാകുഴി ബസ് സ്റ്റാൻഡിൽ
ആഞ്ഞിലിവേലികുളത്തിന് സമീപം
മാടപ്പള്ളി, വാഴപ്പള്ളി പഞ്ചായത്തുകളോട് ചേർന്ന്
പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രത്തോട് ചേർന്ന്
ഹരിതകർമ്മസേന അംഗങ്ങൾക്ക് മറ്റൊരു വരുമാനമാർഗം എന്നരീതിയിലും പരിസ്ഥിതി സൗഹൃദ ഷോപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുമാണ് ഇവയുടെ പ്രവർത്തനം. പദ്ധതി മറ്റ് ബ്ലോക്കുകളിലേക്കും വ്യാപിക്കും. ആദ്യഘട്ടമെന്ന നിലയിലാണ് സമ്പൂർണ്ണമായി മാടപ്പള്ളി ബ്ലോക്കിൽ ഹരിതസേവാകേന്ദ്രങ്ങൾ ആരംഭിച്ചത്.
പി.രമേശ് ഹരിതകേരളം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ