road

കോട്ടയം: ജില്ലയിലെ റോഡുകളിൽ രാത്രിയിൽ അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വഴിയിൽ വെളിച്ചം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കത്തു നൽകി. രാത്രിയിൽ ഇരുട്ടുള്ള റോഡിലൂടെ വാഹനം ഓടിക്കുമ്പോൾ ‌ഡ്രൈവർമാർ ഉറങ്ങാൻ സാദ്ധ്യത കൂടുതലാണ്. ഇത് അപകടത്തിനിടയാക്കുന്നതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷം ജില്ലയിലുണ്ടായ അപകടങ്ങളിൽ ഏറെയും ഇത്തരത്തിലാണ്. ഇതിൽ 25 ശതമാനം അപകടങ്ങളെങ്കിലും എതിരെ വരുന്ന വാഹനം ലൈറ്റ് ഡിം ചെയ്യാഞ്ഞതുമൂലവും സംഭവിച്ചതാണ്. നിരത്തിൽ ആവശ്യത്തിന് വെളിച്ചമുണ്ടെങ്കിൽ ഡിം ചെയ്ത് വാഹനം ഒാടിക്കാനാവും. ഈ വഴിക്കുള്ള അപകടങ്ങൾ ഒഴിവാക്കാനുമാവും. മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിഭാഗവും ഇതേ ആവശ്യം മുന്നോട്ടു വയ്ക്കുന്നുണ്ട്.

ഇരുട്ടേറിയ റോഡുകളിൽ റോഡിൻ്റെ വീതിയോ, എതിരെ വരുന്ന വാഹനങ്ങളുടെ വലുപ്പമോ ഡ്രൈവർക്കു കൃത്യമായി കണക്കു കൂട്ടാൻ സാധിക്കാറില്ല. ഇത് കൂടാതെയാണ് റോഡിലെ കുഴികളും മറ്റും.

ഈ സാഹചര്യത്തിൽ റോഡിലെ തെരുവുവിളക്കുൾ കൃത്യമായി തെളിയുന്നുണ്ടെന്നു അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പു വരുത്തണമെന്ന് പൊലീസ് നിർദേശിക്കുന്നു.

രാത്രിയിലെ അപകടങ്ങൾക്ക് കാരണം

 ഒാടിക്കുന്നതിനിടെ ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നത്

 വാഹനം കുറവാണെന്ന കാരണത്താലുള്ള അമിത വേഗത

 ഇടറോഡുകളിൽനിന്ന് ശ്രദ്ധയില്ലാതെ കടന്നു വരുന്നത്

 റോഡിൽ ആവശ്യത്തിന് തെരുവുവിളക്കുകൾ ഇല്ലാത്തത്

 എതിരെ വാഹനം വരുമ്പോൾ ഡിം ചെയ്യാത്തത്

 കടകളിലെയും മറ്റും വെളിച്ചം കണ്ണിൽ തറയ്ക്കുന്ന ബോർഡുകൾ

 ഇരുട്ടത്തും വളവിലും പാത്തു നിന്നുള്ള പൊലീസ് പരിശോധന

അപകടം കുറയ്‌ക്കാൻ നടപടി

വഴിയിൽ വെളിച്ചം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കത്തു നൽകിയത് അപകടം കുറയ്‌ക്കുന്നതിനാണ്. ജില്ലയിലെ റോഡുകളിൽ കൂടുതൽ ജാഗ്രത ഉറപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്.

ജി.ജയദേവ്,

ജില്ലാ പൊലീസ് മേധാവി.