കുമരകം : ഇടനിലക്കാർ നെല്ലിന് അമിത കിഴിവ് ആവശ്യപ്പെടുന്നതായി കർഷകരുടെ പരാതി. കഴിഞ്ഞ വർഷം ക്വിൻറലിന് ശരാശരി 3 കിലോ കിഴിവ് നൽകിയിടത്ത് ഈ വർഷം മില്ലുകാർ 8 മുൽ 13 വരെയാണ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം ചുഴലിക്കാറ്റ് നാശം വിതച്ച വരമ്പിനകം പ്രദേശത്തെ 900 പാടത്ത് കിഴിവ് തർക്കത്തിന്റെ പേരിൽ നെല്ല് സംഭരണം രണ്ടാഴ്ചയോളം മുടങ്ങിയിരുന്നു.
തുടർന്ന് തുലാമഴ ഭീതിയിൽ മില്ലുകാരുടെ സമർദ്ദത്തിൽ ക്വിന്റലിന് 8 കിലോ കിഴിവിന് കർഷകർ വഴങ്ങി. ഇത് കൂടാതെ ചുമട്ടുകൂലിയും കർഷകർ നൽകുന്നുണ്ട്. നെല്ലിന്റെ ഗുണമേന്മയാണ് കിഴിവ് നിശ്ചയിക്കുന്നതിന്റെ മാനദ്ധണ്ഡമായി മില്ലുകാർ പറയുന്നത്. എന്നാൽ നെല്ലിന്റെ ഗുണമേന്മ സപ്ലൈകോ ശരിയായ രീതിയിൽ പരിശോധിക്കാൻ തയ്യാറാകുന്നില്ലെന്ന് കർഷകർ പറയുന്നു. ഇടനിലക്കാരുടെ ലോബിയാണ് ഇതിന് പിന്നിലെന്നും ഉദ്യോഗസ്ഥരിൽ ചിലരുടെ പിന്തുണയുണ്ടെന്നുമാണ് ആക്ഷേപം. നിലവിൽ മില്ലുകാർ നിശ്ചയിക്കുന്ന ഏജന്റാണ് ഗുണമേന്മ നിശ്ചിയിച്ച് കിഴിവ് കൂടുതൽ ആവശ്യപ്പെടുന്നത്. മില്ലുകാരുടെ ചൂഷണം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.