ഇളങ്ങുളം: ശാസ്താക്ഷേത്ര ജംഗ്ഷന് സമീപം വളകോടുങ്കൽ പുരയിടത്തിൽ കായ വീണ് കിളിർത്ത റബർത്തൈയിലെ ഇലകൾ വിചിത്രരൂപത്തിൽ. മുകൾഭാഗത്തെ ഏതാനും തട്ടുകളിലെ ഇലകളാണ് കോഴിവാലൻ ചെടിയുടെ ഇലകളുടേതിന് സമാനമായി വളർന്നുതൂങ്ങിയത്. താഴത്തെ തട്ടിലേത് സാധാരണ ഇലകൾ തന്നെയാണ്. റബർ കായ വീണു കിളർത്ത ഈ തൈ ഒരു വർഷം മുമ്പ് ചുവടെ വെട്ടിക്കളഞ്ഞതാണ്. പിന്നീട് കിളിർത്തുണ്ടായവയും അങ്ങനെ തന്നെ. പാലാ-പൊൻകുന്നം പാതയ്ക്ക് സമീപം ഗോകുലം ശിവശങ്കരൻ നായരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഈ അപൂർവ കാഴ്ചയൊരുക്കി ഒന്നരയാൾ പൊക്കമുള്ള റബർത്തൈ നിലകൊള്ളുന്നത്.