പ്രചരണം കൊഴുപ്പിക്കാൻ പരസ്യ ഏജൻസികൾ
കട്ടപ്പന: കൊവിഡ് പശ്ചാത്തലത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പ്രചരണം നവമാദ്ധ്യമങ്ങളിലൂടെ കൊഴുപ്പിക്കാൻ പരസ്യ ഏജൻസികൾ. ഒരു സ്ഥാനാർത്ഥിക്കു വേണ്ടിവരുന്ന മുഴുവൻ പ്രചരണോപാദികളും ഇവർ ലഭ്യമാക്കുന്നു. ഫോട്ടോ ഷൂട്ട്, പോസ്റ്റർ, ക്ലോത്ത് ബോർഡുകൾ, പ്രസ്താവന, അനൗൺസ്‌മെന്റ്, ഡിസൈനുകൾ, സ്ഥാനാർത്ഥിയുടെ ചിത്രവും ചിഹ്നവും ഉൾപ്പെടുത്തി മാസ്‌ക്, ഷീൽഡ്, ബലൂണുകൾ തുടങ്ങി എല്ലാവിധ സേവനങ്ങളും ഇവർ ലഭ്യമാക്കിവരുന്നു. സ്ഥാനാർത്ഥിത്വം ഉറപ്പിച്ചപ്പോൾ തന്നെ ഏജൻസി പ്രതിനിധികൾ ഇവരുടെ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. പ്രഖ്യാപനം വന്നതിനു പിന്നാലെ സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ പുറത്തിറങ്ങി.
ഇതുപക്ഷ സ്ഥാനാർത്ഥിയെങ്കിൽ പോസ്റ്ററിന്റെ പശ്ചാത്തലം ചുവപ്പായിരിക്കണമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയെങ്കിൽ ത്രിവണമാകണമെന്നും ബി.ജെ.പിയുടെ സ്ഥാനാർത്ഥിയെങ്കിൽ പശ്ചാത്തലം കാവിയായിരിക്കണമെന്നുമുള്ള പരമ്പരാഗത ശൈലികൾ ഇത്തവണ കുറവാണ്. ക്രയേറ്റീവ് ഡിസൈനുകളാണ് ഇത്തവണത്തെ 'ഡിജിറ്റൽ' ഇലക്ഷനിൽ സ്ഥാനാർത്ഥികൾക്കും ആവശ്യം. പോസ്റ്ററിലെ പേരും തലക്കെട്ടുകളുമെല്ലാം ത്രീഡി അക്ഷരങ്ങളാണ്. അതോടൊപ്പം തന്നെ പ്രചരണത്തിനായുള്ള വീഡയോകളെല്ലാം സിനിമകളോടു കിടപിടിക്കുന്ന രീതിയിലാണ് അണിയറയിൽ തയ്യാറാകുന്നത്. സ്ഥാനാർത്ഥിയുടെ ഇൻട്രൊഡക്ഷനുകളും വോട്ടഭ്യർത്ഥനയും പ്രവർത്തന പരിചയം വിവരിച്ചുള്ള വീഡയോകളുമെല്ലാം വിവിധ ഫ്രെയ്മുകളിൽ ചിത്രീകരിച്ച് മനോഹരമാക്കിയാണ് പ്രചരണത്തിനായി നൽകുന്നത്.
ഇതിനുപുറമേ നിലവിലെ രാഷ്ട്രീയ പശ്ചാത്തലം മുൻനിറുത്തിയുള്ള കാർട്ടൂണുകളും ട്രോളുകളും നവമാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്നു. സ്ഥാനാർത്ഥിയുടെ ജനകീയ മുഖം ഉയർത്തിക്കാട്ടിയുള്ള ട്രോളുകളാണ് ഏറെയും. കൊവിഡ് പശ്ചാത്തലത്തിൽ വീടുകൾ കയറിയുള്ള പ്രചരണം പരമാവധി കുറച്ച് സമൂഹമാദ്ധ്യമങ്ങളുടെ അനന്തസാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള പ്രചരണത്തിനാണ് ഇത്തവണ ഊന്നൽ നൽകുന്നത്. അതത് മുന്നണികളുടെ മീഡിയ കൺവീനർമാർ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ, ഫേസ്ബുക്ക് പേജുകൾ, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയിൽ അക്കൗണ്ടുകളും തുടങ്ങി പരമാവധി ആളുകളിൽ എത്തിക്കാൻ നവമാദ്ധ്യമ പ്രചരണം ആരംഭിച്ചുകഴിഞ്ഞു