ചങ്ങനാശേരി : മഹാത്മാഗാന്ധിയും, ശ്രീനാരായണ ഗുരുവും ചങ്ങനാശേരിയിൽ സംഗമിച്ച ആനന്ദാശ്രമത്തിന്റെ പൈതൃകം പുതുതലമുറയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഡോക്യുമെന്ററി ഒരുങ്ങുന്നു. എ.വി.പ്രതീഷ്, റെജി പുലിക്കോടൻ, ഗോപാലി എന്നിവർക്ക് ചതയദിനത്തിൽ ഉരുത്തിരിഞ്ഞ ചർച്ചയുടെ ഭാഗമായാണ് ഡോക്യുമെന്ററി നിർമ്മിക്കുന്നത്. 'ഗുരുദേവനും ഗാന്ധിജിയും" എന്ന പേരിൽ ചരിത്രപരമായ സംഭവങ്ങളെ കോർത്തിണക്കി 15 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയാണ് നിർമ്മിക്കുന്നത്.
ആനന്ദാശ്രമം, സമാധിമണ്ഡപങ്ങൾ, സ്‌കൂൾ, ശ്രീനാരായണ ഗുരു ഉപയോഗിച്ച വസ്തുക്കൾ, ഗാന്ധിജിയുടെ സന്ദർശനവും അതുമായി ബന്ധപ്പെട്ടുള്ള അവസ്മരണീയ സന്ദർഭങ്ങളുമാണ് ഒന്നാംഘട്ടത്തിൽ ചിത്രീകരിക്കുന്നത്. ഇതിനായുള്ള ഗവേഷണം എൻ.എസ്.എസ് കോളേജ് റിട്ട പ്രൊഫസർ സുരേഷ് കുമാറാണ്. രണ്ടാംഘട്ടത്തിൽ ഗാന്ധിജിയുടെ പെരുന്ന സന്ദർശനമാണ് ഉൾക്കൊള്ളിക്കുന്നത്. ഇതിനു വേണ്ട ഗവേഷണം പെരുന്ന വിജയനാണ്. ചിത്രീകരണത്തിന്റെ പൂജ എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് നിർവഹിച്ചു. ഡിസംബർ ആദ്യവാരത്തോടെ ഡോക്യുമെന്ററി സമർപ്പിക്കും. ബ്ലാക് ആൻഡ് വൈറ്റ് ഫാക്ടറിയുടെ ബാനറിൽ വർണമാണ് ഡോക്യുമെന്ററി ജനങ്ങളിൽ എത്തിക്കുന്നത്. ചിത്രീകരണത്തിന്റെ സംഘാടനം : എ.വി.പ്രതീഷ്, ആശയം സാക്ഷാത്കാരം : റെജി പുലിക്കോടൻ, രചന : ഡോ.സുരേഷ് കുമാർ, ഛായാഗ്രഹണം : ഗോപാലി, ചിത്രസംയോജനം : ബിനു ജെ തോമസ് എന്നിവരാണ്.
ചരിത്രം ഇങ്ങനെ
കൊല്ലവർഷം 1109 മകരമാസത്തിൽ സ്വാതന്ത്ര്യ സമരത്തോട് അനുബന്ധിച്ചുള്ള ജനസമ്പർക്ക പരിപാടികൾക്കായി ഗാന്ധിജി മോർക്കുളങ്ങരയിൽ എത്തുകയും ശ്രീനാരായണതീർത്ഥർ സ്വാമിയുടെ ആശ്രമമായിരുന്ന ആനന്ദാശ്രമം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ആശ്രമമുറ്റത്തെ ആൽമരചുവട്ടിൽ നടത്തിയ സമ്മേളനത്തിൽ ഗാന്ധിജിയും, ടി.കെ മാധവനും പങ്കെടുത്തു. ആശ്രമത്തിന് ആനന്ദാശ്രമം എന്ന് നാമകരണം ചെയ്തത് ശ്രീനാരായണ ഗുരുവാണ്. തുടർന്ന് എസ്.എൻ.ഡി.പി യുടെ ഒന്നാം നമ്പർ ശാഖയായി മാറി. പിന്നീട് 1937 ലാണ് ഗാന്ധിജി പെരുന്ന സന്ദർശനം നടത്തിയത്.