ammamma

ഈരാറ്റുപേട്ട: നാല് പതിറ്റാണ്ടിലേറെയായി പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്ഥാനാർത്ഥികളോട് പൂഞ്ഞാറുകാർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: 'പൂഞ്ഞാറിൽ അമ്മാമ്മയ്ക്ക് ജയിക്കാമെങ്കിൽ പിന്നെ നിനക്കാണോ പാട്‌?"

1979ൽ നടന്ന പഞ്ചായത്ത് ഇലക്ഷനിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ടൗൺ വാർഡിൽ വിജയിച്ച 83 കാരിയായ പൂഞ്ഞാർ അമ്മാമ്മയാണ് ഈ ചോദ്യത്തിലെ നായിക. പ്രബലരായ ഇടത്, വലത് മുന്നണി സ്ഥാനാർത്ഥികൾക്കെതിരെയാണ് തെരുവിൽ കഴിഞ്ഞിരുന്ന ഈ കൈപ്പുഴ സ്വദേശിനി വിജയക്കൊടി നാട്ടിയത്. നാലു പതിറ്റാണ്ട് കഴിഞ്ഞിട്ടും അമ്മാമ്മയുടെ വിജയഗാഥ പൂഞ്ഞാർ മറന്നിട്ടില്ല.
ആരോരും ഇല്ലാതെ പൂഞ്ഞാർ ചന്തയ്ക്ക് സമീപം പന്നി വളർത്തിയും പിച്ചയെടുത്തും പീടികത്തിണ്ണയിൽ കഴിഞ്ഞിരുന്ന അമ്മാമ്മ തിരഞ്ഞെടുപ്പോടെ വി.ഐ.പി.യായി. ഇരുമുന്നണി സ്ഥാനാർത്ഥികളോടും കലിപ്പിലായിരുന്ന പൂഞ്ഞാറിലെ ഒരു ജന്മിയായിരുന്ന തോട്ടക്കര ചാക്കോച്ചന്റെ വാശിയായിരുന്നു ഇതിനു പിന്നിൽ . സ്ഥാനാർത്ഥിയാവണമെന്ന ആവശ്യവുമായി ചെന്നപ്പോൾ അമ്മാമ്മ ആദ്യം ആട്ടിയിറക്കിയെങ്കിലും പിറ്റേന്ന് പുതിയ ചട്ടയും മുണ്ടും കസവ് നേര്യതുമൊക്കെയായി ചെന്ന് ചാക്കോച്ചൻ സമ്മതിപ്പിച്ചു. എതിർസ്ഥാനാർത്ഥികൾ ഇവരുടെ വരവ് ആദ്യം തമാശയായാണ് കണ്ടത്. എന്നാൽ അമ്മാമ്മയെ നാട്ടുകാർ ഏറ്റെടുക്കുകയും പ്രചരണം കൊടുമ്പിരിക്കൊള്ളുകയും ചെയ്തതോടെ എതിരാളികൾ വിയർത്തു. കടത്തിണ്ണയിൽ കിടന്നിരുന്ന അമ്മാമ്മയോടെ തോറ്റാൽ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്ന് ഉറപ്പിച്ച അവർ പലവട്ടം മദ്ധ്യസ്ഥശ്രമം നടത്തിയെങ്കിലും അമ്മാമ്മ പിൻമാറിയില്ല. ഫലം വന്നപ്പോൾ അമ്മാമ്മയ്ക്ക് വൻ ഭൂരിപക്ഷം. വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്ന് കൈ വീശി പുറത്തേക്കു വന്ന പുതിയ മെമ്പറെ നാട്ടുകാർ തോളിലേറ്റി നൃത്തം ചെയ്തു.
മെമ്പറായതോടെ അകന്ന ബന്ധുക്കൾ തേടി വന്നെങ്കിലും പഴയ കടത്തിണ്ണ വിട്ട് അമ്മാമ്മ എങ്ങും േപായില്ല. 1980ലെ നിയമസഭാ തിരഞ്ഞെടുപ്പിലും അവർ ഒരു കൈ നോക്കി. രണ്ടായിരം വോട്ടുകൾ പിടിച്ചു. 1982ലാണ് അവർ മരിച്ചത്.