jos

കോട്ടയം: ജില്ലാ പഞ്ചായത്തിൽ പതിനൊന്ന് സീറ്റെന്ന നിലപാടിൽ ഉറച്ചു നിന്ന കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ പാലാ നഗരസഭയിൽ കൂടുതൽ സീറ്റ് വാഗ്ദാനം ചെയ്ത് സി.പി.എം ഒമ്പതു സീറ്റിൽ ഒതുക്കി.

ജോസ് വിഭാഗത്തിന് നാലിൽ ഒരു സീറ്റ് കൂടി വിട്ടു കൊടുക്കണമെന്ന സി.പി.എം നിർദ്ദേശം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന സി.പി.ഐ ജില്ലാ കൗൺസിൽ തള്ളിയിരുന്നു. ഇതോടെയാണ് 22ൽ ഒമ്പതു സീറ്റ് വീതം സി.പി.എമ്മും കേരള കോൺഗ്രസ് ജോസും നാല് സീറ്റ് സി.പി.ഐയുമെന്ന ധാരണ ഉണ്ടായത്. പാലാനഗരസഭയിൽ ജോസ് വിഭാഗത്തിന്റെ ശക്തി കണക്കിലെടുത്ത് കൂടുതൽ സീറ്റ് നൽകാമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ ഉറപ്പു നൽകി. അവിടെ 17 സീറ്റാണ് ജോസ് വിഭാഗം ആവശ്യപ്പെട്ടിട്ടുള്ളത്. സി.പി.എമ്മിലും കൂടുതൽ സീറ്റ് നൽകിയേക്കും.

യു.ഡി.എഫും എൻ.ഡി.എയും ജില്ലാ പഞ്ചായത്തിൽ സീറ്റ് ധാരണ ഉണ്ടാക്കിയിട്ടും ഇടതു മുന്നണിയിൽ തർക്കം തുടരുന്നുവെന്ന പ്രചാരണവും പത്രികാ സമർപ്പണത്തിനുള്ള അവസാന ദിവസം അടുത്തു വരുന്നതും കണക്കിലെടുത്താണ് ജോസ് വിഭാഗം വിട്ടുവീഴ്ചക്ക് തയ്യാറായത്.

സീറ്റുകളുടെ കാര്യത്തിൽ ധാരണായായെങ്കിലും ഡിവിഷൻ തീരുമാനമായില്ല . ചില ഡിവിഷൻ സി.പി.എമ്മും ജോസ് വിഭാഗവും വച്ചു മാറിയേക്കും. ജോസ് വിഭാഗത്തിന്റെ ശക്തി കേന്ദ്രങ്ങളിൽ അവർക്ക് സീറ്റ് നൽകാനാണ് നീക്കം. ജോസഫ് വിഭാഗം എതിരാളികളായുള്ള സീറ്റുകളോടാണ് ജോസ് വിഭാഗം താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.