അടിമാലി: നേര്യമംഗലം ഇടുക്കി സംസ്ഥാന പാതയിൽ മാലിന്യം നിക്ഷേപിച്ച് കടന്ന് കളയാൻ ശ്രമിച്ച മൂന്നു പേരെ വനംവകുപ്പ് ജീവനക്കാർ പിടികൂടി. മാലിന്യം എത്തിക്കാൻ ഉപയോഗിച്ച ടാങ്കർലോറിയും പിടിച്ചെടുത്തു. എറണാകുളം പഴത്തോട്ടം സ്വദേശി പാറപ്പുറം ഫ്രാൻസീസ്, എഴുപുറം സ്വദേശി മത്തിക്കുഴി രാജേഷ്, പട്ടിമറ്റം സ്വദേശി കുമ്മാട്ട് പുത്തൻപുരയിൽ അജാസ് എന്നിവരാണ് പിടിയിലായത്. രാജേഷായിരുന്നു വാഹനം ഓടിച്ചിരുന്നത്. 15ന് പുലർച്ചെ 2.40ന് തലക്കോട് ഫോറസ്റ്റ് ചെക്കിംഗ് സ്റ്റേഷനിൽ നിന്ന് രാത്രികാല പരിശോധനയ്ക്കിടെ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർക്ക് ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്നാണ് സ്ഥലത്തെത്തി പ്രതികളെയും വാഹനവും കസ്റ്റഡിയിൽ എടുത്തത്. നേര്യമംഗലം നാല്പതേക്കർ കോളനി ഭാഗത്ത് പായോരത്തായിരുന്നു ഇവർ മാലിന്യം നിക്ഷേപിച്ച് കടന്ന് കളയാൻ ശ്രമിച്ചത്. വാഹനത്തിൽ മീൻമാലിന്യമായിരുന്നു ഉണ്ടായിരുന്നതെന്നാണ് പ്രതികൾ നൽകിയ മൊഴി. പ്രതികളെയും വാഹനവും ഊന്നുകൽ പൊലീസിന് കൈമാറി. നഗരംപാറ ഫോറസ്റ്റ് സ്റ്റേഷൻ സെക്ഷൻ ഫോറസ്റ്റ് ആഫീസർമാരായ കെ.എൻ. സഹദേവൻ, ഒ.ഐ. സന്തോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.പി. മുജീവ്, അൻജിത്ത് ശങ്കർ, ഫോറസ്റ്റ് വാച്ചർമാരായ എം.കെ. അനിൽ, കെ.എ. അലികുഞ്ഞ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.