hospital

കുറവിലങ്ങാട് : കടുത്തുരുത്തി സഹകരണ ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എം ജോസ് വിഭാഗം വൻ ഭൂരിപക്ഷത്തിൽ ഒറ്റയ്ക്ക് വിജയിച്ചു. ജില്ലയിൽ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന മെച്ചപ്പെട്ട ആശുപത്രിയാണിത്. വർഷങ്ങളായി യു.ഡി.എഫ് നേതൃത്വത്തിലായിരുന്നു ഭരണം. കേരളാ കോൺഗ്രസ് യു.ഡി.എഫ് വിട്ടതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കപ്പെടാഞ്ഞതിനാൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. 1237 അംഗങ്ങളിൽ 639 പേർ വോട്ട് ചെയ്‌തു. പുതിയ ഭരണസമിതി അംഗങ്ങളായി അഡ്വ. ഇമ്മാനുവൽ തോമസ്, അഡ്വ. ബോസ് അഗസ്റ്റിൻ, കെ.കെ സ്റ്റീഫൻ പനങ്കാല, ജോസഫ് മാത്യു കണിവേലിൽ, നിജോമോൻ ജോണി, എൻ പത്മനാഭപിള്ള, ബിനോയ് ജോൺ, എ.എം മാത്യു, യൂജിൻ ജോസഫ്, ട്രീസ മേരി ആന്റണി, ഡിബിൾ ജോർജ്, സൈനമ്മ ഷാജു, ഓമന വാവ എന്നിവരെ തിരഞ്ഞെടുത്തു.