കോട്ടയം: പ്രായാധിക്യത്തെയും മറികടന്ന് തങ്കൻ തയ്യൽ ചക്രം ചവിട്ടുകയാണ്. ഏഴ് പതിറ്റാണ്ടായി ചെങ്കൊടി തുന്നി ചരിത്രം സൃഷ്ടിച്ച തന്റെ തയ്യൽഗാഥ തുടരാൻ. കോട്ടയത്തും പരിസരങ്ങളിലുമുള്ള പാർട്ടി സമ്മേളനങ്ങൾക്കും ചെങ്കൊടിയും തോരണവും തുന്നി നൽകുന്നത് ഈ എൺപത്തി മൂന്നുകാരനാണ്. തിരുവാതുക്കൽ കല്ലുപുരയ്ക്കലാണ് തങ്കന്റെ കൊച്ചു തയ്യൽക്കട. തിരഞ്ഞെടുപ്പുകാലം അടുക്കമ്പോഴും സമ്മേളന സമയത്തും എല്ലാം പഴയ തലമുറയിലെ കോട്ടയത്തെ പാർട്ടി നേതാക്കളെല്ലാം ഈ കൊച്ചു കടയിലെത്തി തങ്കനുമായി സൗഹൃദം പങ്കുവെച്ചിരുന്നു. മറ്റ് ഇനങ്ങൾ തയ്ക്കുന്നതിന് ന്യായമായ പണം വാങ്ങുമെങ്കിലും തങ്കന്റെ കടയിൽ ചുവന്ന കൊടി തുന്നുന്നതിന് പണം കൊടക്കേണ്ട. തുണി എത്തിച്ചു കൊടുത്താൽ നൂൽ ഉൾപ്പെടെയുള്ളവ വാങ്ങി തങ്കൻ തന്നെ തുണി തുന്നി നൽകും. എന്നാൽ മറ്റൊരു കൊടിയും തന്റെ കടയിൽ തുന്നി നൽകില്ലെന്നും തങ്കൻ പറയുന്നു. വിവാഹം കഴിച്ചിട്ടില്ലാത്ത തങ്കന് പാർട്ടി എന്നാൽ ജീവവായുവാണ്. മുമ്പ് രാവിലെ ആറിന് തുറക്കുന്ന കട രാത്രി 11 വരെയാണ് പ്രവർത്തിച്ചിരുന്നത്. കൊവിഡ് വന്നതോടെ സമയം ഒൻപത് മുതൽ ആറ് വരെയാക്കി കുറച്ചു. സ്വന്തമായാണ് കൊടിയും തോരണവും ഒക്കെ തങ്കൻ നിർമ്മിച്ചെടുക്കുന്നത്. സഹായികൾ ആരുമില്ല. മുൻപ് 500, 1000 എന്നിങ്ങനെ കൊടികൾ തയ്ച്ചിരുന്ന ദിവസങ്ങളുണ്ട്. ഇന്ന് ഇവയുടെ ഉപയോഗവും കുറഞ്ഞു. ഈ പ്രായത്തിലും പാർട്ടിയിലെ ഓരോ ചലനങ്ങൾക്കൊപ്പവും തങ്കൻ ഉണ്ട്. യൂണിഫോം, ഷർട്ട്, ബ്‌ളൗസ് എന്നിവ തുന്നുന്നതിലും വിദഗ്‌ദ്ധൻ ആണെങ്കിലും ചെങ്കൊടിയാണ് തങ്കന്റെ ഹൃദയത്തുടിപ്പും മാസ്റ്റർപീസും.