കോട്ടയം : ജില്ലാ പഞ്ചായത്തിൽ പുതുപ്പള്ളി ഡിവിഷനിൽ നിന്ന് മത്സരിക്കാൻ സന്നദ്ധനായ ചാണ്ടി ഉമ്മനെ വെട്ടിയ ഡി.സി.സിയിലെ ഉന്നതന് മറുപണി കൊടുത്ത് ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടിയ്ക്ക് ശേഷം പുതുപ്പള്ളി മണ്ഡലം പിടിക്കുന്നതിന് മുന്നോടിയായി പുതുപ്പള്ളി ഡിവിഷനിൽ നിന്ന് മത്സരിക്കാൻ കുപ്പായം തുന്നിയ ഇദ്ദേഹത്തിന് ഒരു കാരണവശാലും സീറ്റുകൊടുക്കില്ലെന്ന ഉറപ്പിച്ചതോടെയാണ് ഉമ്മൻചാണ്ടിയുടെ വിശ്വസ്തനും പുതുപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റും കൂടിയായ നെബു ജോൺ സ്ഥാനാർത്ഥിയായത്. അതേസമയം തങ്ങളുടെ നോമിനിയായിരുന്ന ചാണ്ടി ഉമ്മൻ പിൻവാങ്ങിയതിന് പിന്നാലെ മതിയായ പരിഗണിന ലഭിക്കാത്തതിലുള്ള അതൃപ്തി യൂത്ത് കോൺഗ്രസിനുമുണ്ട്.
ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി പുതുപ്പള്ളി മണ്ഡലത്തിൽ മത്സരിക്കുകയെന്ന ലക്ഷ്യത്തിലാണ് ചാണ്ടി ഉമ്മനെ തുടക്കത്തിലെ വെട്ടിയത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി അടക്കമുള്ളവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് പുതുപ്പള്ളി ഡിവിഷനിൽ നിന്ന് ജനവിധി തേടാൻ ചാണ്ടി ഉമ്മൻ സമ്മതം അറിയിച്ചത്. പാർട്ടി പറഞ്ഞാൽ മത്സരിക്കാമെന്ന് ചാണ്ടി ഉമ്മനും പ്രതികരിച്ചിരുന്നു. ഇതിന്റെ ഭാഗംകൂടിയായാണ് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച് ചാണ്ടി ഉമ്മൻ കളമുറപ്പിച്ചത്. ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അമ്പതാം വാർഷികാഘോഷങ്ങളുടെ മുൻ നിരയിൽ ചാണ്ടി ഉമ്മനുമുണ്ടായിരുന്നു.
കാര്യങ്ങൾ കൈവിട്ടുപോകുമെന്നുറപ്പായതോടെ മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഡി.സി.സി നേതാവ് സോളാർ വിഷയമടക്കമുള്ള ബ്ളാക്ക്മെയിലിംഗ് തന്ത്രം പയറ്റുകയായിരുന്നു. സോളാർ കേസിൽ ചാണ്ടി ഉമ്മൻ പ്രതിയല്ലെങ്കിലും വീണ്ടും പേര് വലിച്ചിഴച്ച് മാനസികമായി തകർക്കുമെന്ന് ഉറപ്പായതോടെയാണ് മത്സരിക്കാനില്ലെന്ന് ഫേസ് ബുക്കിൽ ലൈവിലൂടെ ചാണ്ടി ഉമ്മൻ അറിയിച്ചതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നു.
സാർ പറഞ്ഞു, ഞാൻ മത്സരിച്ചു
എന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ ഉമ്മൻചാണ്ടി സാറാണ്. ജില്ലാ പഞ്ചായത്തിലേയ്ക്ക് മത്സരിക്കാനില്ലെന്നതായിരുന്നു എന്റെ അഭിപ്രായം. പക്ഷേ, മത്സരിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത് സാറാണ്. ഇന്നലെ നോമിഷേൻ കൊടുത്തു. വിജയമുറപ്പാണ്
നെബു ജോൺ
പ്രാതിനിധ്യം വേണം
തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിന് അർഹമായ പ്രാതിനിധ്യം നൽകണമെന്ന് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി ആവശ്യപ്പെട്ടു. എട്ടു മാസങ്ങളായി നടത്തിയ സമരങ്ങൾ ജില്ലയിൽ സംഘടനയെ ശക്തിപ്പെടുത്തി. ഒരു മാസത്തോളമെടുത്താണ് മത്സരിക്കേണ്ട പ്രവർത്തകരുടെ പട്ടിക തയ്യാറാക്കിയത്. ഈ പട്ടികയിൽ ഉൾപ്പെട്ടവരെ ഡി.സി.സി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.