ധർമ്മ സങ്കടത്തിലാണ് പാലായിലെ പി.ഡബ്ലി.യു.ഡി ഉദ്യോഗസ്ഥർ

പാലാ: റോഡ് ടാർ ചെയ്താലുടൻ, വീണ്ടും വശങ്ങൾ കുത്തിപ്പൊളിച്ച് ഓട നിർമ്മിക്കണം;ഇപ്പോൾ ധർമ്മസങ്കടത്തിലാണ് പാലായിലെ പി.ഡബ്ലി.യു.ഡി ഉദ്യോഗസ്ഥർ.പാലാ സിവിൽ സ്റ്റേഷൻ ഭാഗം മുതൽ കുരിശുപള്ളി ജംഗ്ഷൻ വരെയുള്ള ഭാഗത്തെ ഓട ചെളിയും മണ്ണും നിറഞ്ഞ് അടഞ്ഞിരിക്കുകയാണ്. ഓടയ്ക്ക് മുകളിലെ ഫുട്പാത്തിൽ പല ഭാഗത്തും സ്ലാബുകൾ തകർന്നിട്ടുമുണ്ട്.
കനത്തമഴയിൽ ഓടകവിഞ്ഞ് റോഡിലൂടെ ഒഴുകുന്ന വെള്ളം കുരിശുപള്ളി ജംഗ്ഷനിൽ വലിയ വെള്ളക്കെട്ടിനും കാരണമാകുന്നു. കഴിഞ്ഞ ദിവസത്തെ ഒറ്റ മഴയിൽ കുരിശുപള്ളി ജംഗ്ഷനിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. മാണി സി.കാപ്പൻ എം.എൽ.എ വിഷയത്തിൽ ഇടപെട്ടതോടെ ഓട നന്നാക്കാനും വലുതാക്കാനും പി.ഡബ്ലി.യു.ഡി വകുപ്പ് 16 ലക്ഷം രൂപാ അനുവദിച്ച് ടെണ്ടർ നടപടികൾ തുടങ്ങുകയും ചെയ്തു. നിലവിലുള്ള ഓട ആഴം കൂട്ടുകയും കുരിശുപള്ളി ജംഗ്ഷനിലെ കലുങ്ക് വലുതാക്കുകയും വേണം. എന്നാൽ പണിതീരാൻ നാളുകളെടുക്കും. പാലാ ജൂബിലി തിരുനാൾ വേളയിലും മറ്റും ഓട തുറന്നു കിടക്കുന്നത് അപകടഭീഷണിയും ഉയർത്തും എന്നതിനാൽ അതിനു ശേഷമേ പണികൾ തുടങ്ങാൻ കഴിയൂ.

ഇതേസമയം പാലാ കുരിശുപള്ളി ജംഗ്ഷൻ മുതൽ രാമപുരം റോഡിൽ ചിറ്റാർ വരെ റീ ടാറിംഗിന് 1 കോടി 80 ലക്ഷം രൂപ ശബരിമല വർക്കിൽപ്പെടുത്തി സർക്കാർ അനുവദിച്ചിട്ടുണ്ട്.ശബരിമല സീസൺ തുടങ്ങിയ സ്ഥിതിയ്ക്ക് ഒരാഴ്ചയ്ക്കുള്ളിൽ റീടാറിംഗ് ആരംഭിച്ചില്ലെങ്കിൽ തുക ലാപ്‌സാകും. ഇപ്പോൾ റോഡ് ടാർ ചെയ്താലും ഒരു മാസത്തിനുള്ളിൽ ഓട നിർമ്മാണത്തിനായി വശങ്ങൾ പൊളിക്കേണ്ടിവരുമെന്ന് ചുരുക്കം.എന്തായാലും പി.ഡബ്ലി.യു.ഡി ഉദ്യോഗസ്ഥർ വിഷയം മാണി സി.കാപ്പൻ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുകയാണ്.

 റോഡ് പണി നടക്കട്ടെ

റോഡ് പണി ആദ്യം നടക്കട്ടെ. ഇല്ലെങ്കിൽ 1.80 കോടി രൂപാ ലാപ്‌സാകും. ശബരിമല സീസൺ, ജൂബിലി തിരുനാൾ തുടങ്ങി നഗരത്തിൽ ജനത്തിരക്കേറുന്ന വരുംദിവസങ്ങളിൽ ഓട പൊളിച്ചിടുന്നത് സുരക്ഷിതവുമല്ല. അതുകൊണ്ടു തന്നെ റോഡ് പണി മൂന്നു ദിവസത്തിനുള്ളിൽ ആരംഭിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.