വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന്റെ ഭാഗമായുള്ള സമൂഹസന്ധ്യവേല 20ന് ആരംഭിക്കും. വൈക്കം സമൂഹത്തിന്റെ സന്ധ്യവേലയാണ് ആദ്യ ദിനത്തിൽ നടക്കുന്നത്.
വൈക്കം സമൂഹത്തിന്റെ സന്ധ്യ വേലയുടെ പ്രാതലിന്റെ അരിയളക്കൽ 19ന് സമൂഹം ഹാളിൽ നടക്കും.ചടങ്ങിൽ ക്ഷേത്രം തന്ത്റിമാർ, മേൽശാന്തിമാർ, കീഴ്ശാന്തിമാർ, മൂസതുമാർ, സമൂഹം ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.20ന് ക്ഷേത്രത്തിൽ വിശേഷാൽ വഴിപാടുകൾക്ക് പുറമെ രാവിലെ ശ്രീബലിയും വൈകിട്ട് വിളക്കെഴുന്നള്ളിപ്പും കൊവിഡിന്റെ പശ്ചാത്തലത്തിൽ ചടങ്ങുകളായി നടത്തും.
വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം വൈക്കം സമൂഹത്തിന്റെ ഒ​റ്റപ്പണം സമർപ്പിക്കൽ ചടങ്ങും നടക്കും. ബലിക്കൽപുരയിൽ വെള്ളപ്പട്ട് വിരിച്ച് സമൂഹം സെക്രട്ടറി കെ.സി കൃഷ്ണമൂർത്തി ഒ​റ്റപണ സമർപ്പണത്തിന് ക്ഷണിക്കും. സമൂഹത്തിന്റെ ആദ്യ അംഗമെന്ന നിലയിൽ വൈക്കത്ത് പെരുംതൃക്കോവിലപ്പൻ, ഉദയനാപുരത്തപ്പൻ, തന്ത്റി ഭദ്റകാളി മ​റ്റപ്പള്ളി ഇല്ലം, തന്ത്റി കിഴക്കിനേടത്ത് മേക്കാട്ട് ഇല്ലം, മേൽശാന്തിമാർ, കിഴ്ശാന്തിമാർ ,പടിഞ്ഞാറെടത്ത് ഇല്ലത്ത് മൂസത് , കിഴക്കേടത്ത് മൂസത് , പട്ടോലക്കാർ, കിഴിക്കാർ എന്നിവർ പേരു വിളിക്കുന്ന മുറയ്ക്കെത്തി പണം സമർപ്പിക്കും.
സമർപ്പിച്ച പണം കിഴിയാക്കി തല ചുമടായി എടുത്ത് മന്ത്റോച്ചാരണങ്ങളോടെ ക്ഷേത്രത്തിന് പ്രദക്ഷിണം ചെയ്ത് കിഴിപണം എണ്ണി തിട്ടപ്പെടുത്തി ദേവസ്വത്തിന് കൈമാറും. പിന്നിട് ആ കിഴി പണത്തിൽ നിന്നു ഒരു പണം എടുത്തു കിഴിയായി സൂക്ഷിക്കും. ഇത് അടുത്ത സന്ധ്യവേലയുടെ പ്രാരംഭ ചടങ്ങുകൾക്കായി ഉപയോഗിക്കും.

22ന് തെലുങ്ക് സമൂഹത്തിന്റെ സന്ധ്യവേല നടക്കും. തമിഴ് വിശ്വബ്രമ്മ സമാജത്തിന്റെ സന്ധ്യവേല 23 നാണ്. കൊവിഡ് നിയന്ത്റണങ്ങൾ നിലനിൽക്കുന്നതിനാൽ ക്ഷേത്ര ചടങ്ങുകൾ മാത്രമായിട്ടാണ് സന്ധ്യവേല നടത്തുന്നത്. 24ന് നടക്കുന്ന സമാപന സന്ധ്യവേലയുടെ നിറപറ നിറക്കൽ 23ന് വടയാർ സമൂഹത്തിൽ നടക്കും. 24ന് ക്ഷേത്രത്തിൽ ആയിരക്കൂടം ഉൾപ്പടെയുള്ള വിശേഷാൽ ചടങ്ങുകൾ ഉണ്ടാവും.
വൈകിട്ട് ബലിക്കൽ പുരയിൽ ഒ​റ്റപ്പണം സമർപ്പണവും നടക്കും.