പാലാ : വീതികുറഞ്ഞ വഴിയിലൂടെയുള്ള ചരക്ക് വാഹനങ്ങളുടെ സഞ്ചാരം നാട്ടുകാർക്ക് ഭീഷണിയാകുന്നതായി പരാതി. പാലാ പന്ത്രണ്ടാംമൈലിന് സമീപമുള്ള വെയർഹൗസിന്റെ ഗോഡൗണിലേക്ക് ചരക്കുമായി പോകുന്ന ലോറികളാണ് നാട്ടുകാർക്ക് ഭീതിയുയർത്തുന്നത്. വാഴേമഠം ഭാഗത്ത് നിന്ന് കത്തീഡ്രൽ പള്ളിയിലേക്കുള്ള റോഡിലാണ് വെയർഹൗസ് പ്രവർത്തിക്കുന്നത്. മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള 6 മീറ്റർ വീതിയുള്ള റോഡാണ് ഇവിടെ ആകെയുള്ളത്. വീതികുറഞ്ഞ റോഡിലൂടെ വലിയ ചരക്ക് വാഹനങ്ങൾ നിരന്തരം എത്തുന്നതോടെ നാട്ടുകാരുടെ ചെറുവാഹനങ്ങൾ പോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. പരിചയക്കുറവുള്ള അന്യസംസ്ഥാന ലോറികളെത്തുമ്പോൾ ഇവിടെ വൈദ്യുതി തൂണുകളും നാട്ടുകാരുടെ മതിലുകളും തകരുന്നത് പതിവാണ്. അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പാലാ പൗരസമിതി ആവശ്യപ്പെട്ടു. പി.പോത്തൻ, ജോണി പന്തപ്ലാക്കൽ, സേബി വെള്ളരിങ്ങാട്ട്, ബേബി കീപ്പുറം, പാജു പുതുമന, ജെയിംസ്, ജോയി, സോജൻ എന്നിവർ പ്രസംഗിച്ചു.