കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പരസ്യങ്ങൾ പ്രദർശിപ്പിക്കുമ്പോൾ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർകൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
മുൻകൂർ അനുമതിയില്ലാതെ പൊതു സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിലോ വസ്തുവകകളിലോ വൈദ്യുതി പോസ്റ്റുകളിലോ മൊബൈൽ ടവറുകളിലോ ടെലിഫോൺ പോസ്റ്റുകളിലോ തിരഞ്ഞെടുപ്പ് പരസ്യം പതിക്കാൻ പാടില്ല. പരസ്യം സ്ഥാപിക്കുന്നതിനോ പതിക്കുന്നതിനോ എഴുതുന്നതിനോ ചുമതലപ്പെടുത്തുന്ന വ്യക്തിയുടെ പേരും സ്ഥാനപ്പേരും പരസ്യത്തോടൊപ്പം ചേർക്കണം.
മറ്റു നിർദേശങ്ങൾ
മറ്റൊരു രാഷ്ട്രീയ കക്ഷിയുടെയോ സ്ഥാനാർത്ഥിയുടെയോ നിയമാനുസൃതം സ്ഥാപിച്ചിട്ടുള്ള പരസ്യം വികൃതമാക്കുകയോ മലിനമാക്കുകയോ മറയ്ക്കുകയോ ചെയ്യരുത്.
വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതും പ്രകോപനപരമായതും മതവികാരം വൃണപ്പെടുത്തുന്നതും കൊലപാതക ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ബീഭത്സ ചിത്രങ്ങളുള്ളതുമായ പരസ്യങ്ങൾ ഉപയോഗിക്കരുത്.
വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും പൊതുജനങ്ങൾക്കും മാർഗ തടസം സൃഷ്ടിക്കുന്ന രീതിയിൽ പരസ്യങ്ങൾ സ്ഥാപിക്കരുത്.
നടപ്പാതയിലും റോഡുകളുടെ വളവുകളിലും പാലങ്ങളിലും റോഡുകൾക്ക് കുറുകെ ഗതാഗത തടസമുണ്ടാക്കുന്ന രീതിയിലും പ്രചാരണ സാമഗ്രികൾ പ്രദർശിപ്പിക്കാൻ പാടില്ല.
വാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധ തിരിക്കുന്ന രീതിയിലുള്ള പരസ്യങ്ങളോ ഹോഡിംഗുകളോ നടപ്പാതയിലും റോഡുകളുടെ വളവുകളിലും പാലങ്ങളിലും മറ്റും സ്ഥാപിക്കരുത്.
പൊതുജനങ്ങളുടെയോ വാഹനങ്ങളുടെയോ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ തിരഞ്ഞെടുപ്പ് പരസ്യങ്ങൾ വാഹനങ്ങളിൽ പ്രദർശിപ്പിക്കാൻ പാടില്ല.