bridge

മാഞ്ചിറ - വരമ്പിനകം റോഡ് അപകടാവസ്ഥയിൽ

കുമരകം: ഏത് നിമിഷവും തകർന്നുവീഴാം.. പാലം കടന്നാൽ ഭാഗ്യം എന്നതാണ് അവസ്ഥ. അയ്മനം പഞ്ചായത്തിലെ ഒന്നും ഇരുപതും വാർഡുകളെ ബന്ധിപ്പിക്കുന്ന മാഞ്ചിറ വരമ്പിനകം പാലം ഇപ്പോൾ പ്രദേശവാസികൾക്ക് പേടിസ്വപ്നമാണ്. നൂറോളം കുടുംബങ്ങൾ താമസിക്കുന്ന വരമ്പിനകം പ്രദേശത്തേക്ക് ചെറുവാഹനങ്ങൾക്ക് കടന്നുവരാൻ മൂന്ന് വർഷം മുമ്പാണ് പാലം നിർമ്മിച്ചത്. പഞ്ചായത്ത് അനുവദിച്ച തുകയോടൊപ്പം നാട്ടുകാർ പിരിവെടുത്താണ് പാലം പൂർത്തീകരിച്ചത്. ഇരുമ്പിലാണ് പാലം പൂർണമായും നിർമ്മിച്ചത്. അറ്റകുറ്റപണികൾ മുടങ്ങിയതോടെയാണ് പാലം അപകടാവസ്ഥയിലായത്. പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്ന ഭാഗത്തെ തകിട് തരുമ്പെടുത്ത് വലിയ ദ്വാരം രൂപപ്പെട്ടിട്ടുണ്ട്.

അപകടം പതിവാണ്

വഴിവിളക്കില്ലാത്തതിനാൽ രാത്രികാലയാത്ര വലിയ വെല്ലുവിളിയാണ്. പാലത്തിൽ ദ്വാരം രൂപപ്പെട്ട ഭാഗത്ത് ചെറുവാഹനങ്ങൾ കുടുങ്ങി അപകടവും പതിവാണ്. വഴിയാത്രക്കാർക്കും പലതവണ പരിക്കേറ്റു. പാലം അറ്റകുറ്റപണി തീർത്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുതിയ പാലം നിർമ്മിക്കുമെന്ന് ഉറപ്പ് നൽകുന്ന സ്ഥാനാർത്ഥികൾക്കായിരിക്കും തങ്ങളുടെ വോട്ടെന്നും പ്രദേശവാസികൾ പറയുന്നു.