കോട്ടയം : ജില്ലാ പഞ്ചായത്തിൽ ജോസ് വിഭാഗത്തിന്റെ സമ്മർദ്ദം അതിജീവിച്ച് കടുംപിടുത്തത്തിലൂടെ നാലു സീറ്റ് സി.പിഐയ്ക്ക് ലഭിച്ചെങ്കിലും പല നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും അവഗണിക്കുകയാണെന്ന് പരാതി. ഇതോടെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന മുന്നറിയപ്പുമായി സി.പി.ഐ രംഗത്തെത്തി. ജില്ലാ പഞ്ചായത്ത് വീതംവയ്പ്പിൽ സി.പിഐയ്ക്ക് നാല് സീറ്റ് ലഭിച്ചെങ്കിലും ഡിവിഷൻ സംബന്ധിച്ച തർക്കം പരിഹരിച്ചിട്ടില്ല. വാകത്താനം ജോസ് വിഭാഗത്തിന് വിട്ടു കൊടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് ഏറെ സ്വാധീനമുള്ള കിടങ്ങൂരോ കങ്ങഴയോ വച്ചു മാറണമെന്ന ആവശ്യം ജോസ് വിഭാഗം ഉയർത്തിയെങ്കിലും തയ്യാറല്ലെന്ന് സി.പി.ഐ നേതൃത്വം അറിയിച്ചു. സി.പിഎമ്മിന്റെ ചില സീറ്റുകളിലും ജോസ് വിഭാഗം അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇന്നത്തോടെ ധാരണയുണ്ടാകുമെന്നാണ് ഇടതുമുന്നണി നേതാക്കൾ അറിയിച്ചത്.
പാലാ നഗരസഭയിൽ 26 സീറ്റിൽ ജോസ് വിഭാഗത്തിന് 17 സീറ്റ് നൽകി. കഴിഞ്ഞ തവണ സി.പി.ഐ ഏഴു സീറ്റിൽ മത്സരിച്ച സ്ഥാനത്ത് രണ്ട് സീറ്റാണ് വാഗ്ദാനം ചെയ്തത്. നാല് വേണമെന്നാണ് സി.പി.ഐ ആവശ്യം. പാലായിൽ ജോസ് വിഭാഗത്തിന്റെ ശക്തി കണക്കിലെടുത്ത് വിട്ടുവീഴ്ച വേണമെന്ന സി.പി.എം നിർദ്ദേശം തള്ളി പത്ത് സീറ്റിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന മുന്നറിയിപ്പുമായി നിൽക്കുകയാണ് സി.പി.ഐ.
യു.ഡി.എഫിലും തർക്കം തുടരുന്നു
ജോസഫിന് ഒമ്പത് സീറ്റ് നൽകി ബാക്കി 13 സീറ്റ് കോൺഗ്രസ് ഏറ്റെടുത്തെങ്കിലും ഡിവിഷൻ വിഭജനത്തിൽ തർക്കം തുടരുകയാണ്. ജോസഫിന് കൊടുത്ത വൈക്കം കോൺഗ്രസ് ഏറ്റെടുത്തുവെന്ന് പറയുമ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. സ്ഥാനാർത്ഥികളുടെ പേരുവിവരം പുറത്തു വന്നെങ്കിലും എ, ഐ തർക്കം തുടരുന്നതിനാൽ അന്തിമതീരുമാനം ആയില്ല. കോട്ടയം അടക്കം മറ്റു നഗരസഭകളിലും സ്ഥിതിയിതാണ്.