കോട്ടയം: നഗരസഭയിലെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കി മുന്നണികൾ. ഇന്നും നാളെയുമായി എല്ലാ സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. തർക്കങ്ങളെല്ലാം പരിഹരിച്ച് സീറ്റ് വിഭജനം പൂർത്തിയാക്കാൻ മൂന്ന് മുന്നണികൾക്കും പതിവിലേറെ സമയവും വേണ്ടിവന്നു.


മത്സരത്തിനു മുൻപേ

തർക്കം രൂക്ഷം

സീറ്റ് വിഭജനം പൂർത്തിയാക്കും മുൻപ് തന്നെ യു.ഡി.എഫിൽ ചെയർമാനെ ചൊല്ലിയാണ് തർക്കം. വനിതാ സംവരണമായതിനാൽ ആരാകും ചെയർപേഴ്‌സൺ എന്നതാണ് ഇപ്പോഴത്തെ പ്രധാന തർക്കവിഷയം. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകൾ ഏതൊക്കെ എന്നത് സംബന്ധിച്ചും പൂർണ വ്യക്തത വന്നിട്ടില്ല.പല വാർഡുകളിലും റിബൽ ഭീഷണിയുണ്ട്. യുവാക്കൾക്ക് പ്രാതിനിധ്യമുണ്ടാകുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും യു.ഡി.എഫിൽ പേരിനു മാത്രമാണ് യുവപ്രാതിനിധ്യം.


ഒടുവിൽ ഒതുക്കിത്തീർത്തു

തർക്കങ്ങളെല്ലാം ഒതുക്കിത്തീർത്ത് ഇടതുമുന്നണി സീറ്റ് വിഭജനം പൂർത്തിയാക്കി. സി.പി.എം 33, സി.പി.ഐ 8, കേരളാ കോൺഗ്രസ് ജോസ് വിഭാഗം 7, മറ്റു പാർട്ടികൾ 4 എന്നിങ്ങനെയാണു മത്സരിക്കുക. ഇതിനിടെ കഴിഞ്ഞ തവണ ജോസ് വിഭാഗം സ്ഥാനാർഥി മത്സരിച്ചു ജയിച്ച പാറമ്പുഴ ഡിവിഷനിൽ സി.പി.ഐ സ്ഥാനാർത്ഥി പ്രചാരണം തുടങ്ങിയതും മുന്നണിയിൽ കലഹത്തിനു കാരണമായിട്ടുണ്ട്.


ആദ്യഘട്ടം പൂർത്തിയാക്കി

എൻ.ഡി.എ
എൻ.ഡി.എയിൽ 24 ഡിവിഷനുകളിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അവശേഷിക്കുന്ന സീറ്റുകൾ സംബന്ധിച്ച് തർക്കം കടുക്കുകയാണ്. പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ചിലർക്ക് സീറ്റുകൾ ലഭിക്കാത്തത് പൊട്ടിത്തെറിയ്ക്കു കാരണമായിട്ടുണ്ട്.