കട്ടപ്പന: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കടുത്ത പോരാട്ട വേദിയായ കട്ടപ്പന നഗരസഭയിൽ എൽ.ഡി.എഫ്. സീറ്റ് വിഭജനം പൂർത്തിയായി. ജോസഫ് വിഭാഗവുമായുള്ള സമവായം വൈകുന്ന സാഹചര്യത്തിൽ യു.ഡി.എഫ്. സീറ്റ് ചർച്ച തുടരുകയാണ്. എൻ.ഡി.എയുടെ സ്ഥാനാർത്ഥി പ്രഖ്യാപനവും അടുത്തദിവസം ഉണ്ടാകുമെന്നാണ് കരുതുന്നത്. സി.പി.എം. വിട്ടുവീഴ്ച ചെയ്തതോടെ ഇടതുപക്ഷ സ്ഥാനാർത്ഥി നിർണയവും ഏകദേശം പൂർത്തിയായി. സ്ഥാനാർത്ഥികളുടെ പ്രചരണവും ആരംഭിച്ചുകഴിഞ്ഞു.

സി.പി.എം13,കേരള കോൺഗ്രസ് ജോസ് വിഭാഗം12, സി.പി.ഐഏഴ്, എൻ.സി.പിഒന്ന്, ജനതാദൾഒന്ന് എന്നിങ്ങനെയാണ് ധാരണയായിരിക്കുന്നത്.

കഴിഞ്ഞ തവണ സി.പി.എം 15 സീറ്റിലും ഹൈറേഞ്ച് സംരക്ഷണ സമിതി 11 സീറ്റിലും സി.പി.ഐ ആറിടത്തും മത്സരിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ഹൈറേഞ്ച് സംരക്ഷണ സമിതി രാഷ്ട്രീയ രംഗത്തുനിന്ന് പിൻവാങ്ങിയിരുന്നു. പുതുതായി മുന്നണിയിലെത്തിയ ജോസ് വിഭാഗത്തിന് നഗരസഭയിൽ ശക്തമായ സ്വാധീനമുള്ളതിനാൽ 12 സീറ്റുകൾ നൽകാൻ എൽ.ഡി.എഫ്. തയാറായി. ഇതിനായി സി.പി.എം. രണ്ട് സീറ്റുകൾ വിട്ടുനൽകി. അതേസമയം സി.പി.ഐയ്ക്ക് ഒരു സീറ്റ് കൂടുതൽ നൽകി. കഴിഞ്ഞതവണ യു.ഡി.എഫിലായിരുന്നപ്പോൾ 14 സീറ്റുകളിലാണ് കേരള കോൺഗ്രസ്(എം) മത്സരിച്ചത്. ജോസ് വിഭാഗം എൽ.ഡി.എഫിൽ എത്തിയപ്പോഴും അർഹമായ പ്രാതിനിധ്യം നൽകിയെന്നാണ് ഇടതു ക്യാമ്പിന്റെ വിലയിരുത്തൽ.
യു.ഡി.എഫിൽ സീറ്റ് വിഭജന ചർച്ചകൾ അവസാനഘട്ടത്തിലാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് എട്ടു സീറ്റുകൾ നൽകാനാണ് ഏകദേശ ധാരണ. കോൺഗ്രസ് 24 സീറ്റുകളിൽ മത്സരിച്ചേക്കും.
കോൺഗ്രസിൽ കഴിഞ്ഞ തവണ വിജയിച്ച ജോയി വെട്ടിക്കുഴി, ജോണി കുളംപള്ളി, മനോജ് മുരളി, തോമസ് മൈക്കിൾ എന്നിവർക്കു പുറമേ ജോയി ആനിത്തോട്ടം, സിബി പറപ്പായി, സിജു ചക്കുംമുട്ടിൽ, കെ.ജെ. ബെന്നി എന്നിവരും മത്സര രംഗത്തുണ്ടാകും.