cofee-plant

അടിമാലി: ഹൈറേഞ്ചിലെ കർഷകരുടെ പ്രധാന വരുമാനമാർഗ്ഗങ്ങളിൽ ഒന്നായ കാപ്പികൃഷിയും പ്രതിസന്ധിയിൽ. ഹൈറേഞ്ചിലെ കർഷകർക്ക് മോശമല്ലാത്ത വരുമാനം നൽകിയിരുന്ന കൃഷിയായിരുന്നു കാപ്പി കൃഷി.വിളവെടുക്കുന്ന ബുദ്ധിമുട്ടൊഴിച്ചാൽ ഇതരവിളകളെ അപേക്ഷിച്ച് പരിപാലന ചിലവും നന്നെ കുറവായിരുന്നു എന്നതും ഒരു പ്രത്യേകതയായിരുന്നു.എന്നാൽ കാലാവസ്ഥയും രോഗബാധയും കാപ്പി കർഷകർക്കും വെല്ലുവിളി ഉയർത്തുകയാണ്.കാലാവസ്ഥ വ്യതിയാനത്താൽ കാപ്പിക്കുരുവിന്റെ ഉത്പാദനത്തിൽ കുറവുണ്ടായിട്ടുള്ളതായി കർഷകർ പറയുന്നു.വിളവെടുപ്പിന് പാകമാകും മുമ്പെ മൂപ്പെത്താത്ത കാപ്പികുരുകൾ കരിച്ചിൽ ബാധിച്ച് കൊഴിഞ്ഞ് പോകുന്നതും കർഷകർക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്.മുൻകാലങ്ങളെ അപേക്ഷിച്ച് കാപ്പികുരുവിന്റെ വിലയും കർഷകർക്ക് വലിയ പ്രതീക്ഷ നൽകുന്നതല്ല. വിലയിടിവിനും ഉൽപ്പാദന കുറവിനുമൊപ്പം രോഗബാധ കൂടിയായതോടെ കൃഷി മുമ്പോട്ട് കൊണ്ടു പോകാൻ കർഷകർ നന്നെ പാടുപെടുന്നുണ്ട്.പ്രതിസന്ധിഘട്ടത്തിൽ കാപ്പി കർഷകരെ സഹായിക്കാൻ കോഫി ബോർഡ് ശക്തമായ ഇടപെടൽ നടത്തണമെന്നാണ് കാപ്പി കർഷകരുടെ ആവശ്യം.

കാപ്പിവില 72 രൂപ

കാപ്പിക്കുരുവിന്റെ ഇപ്പോഴത്തെ മാർക്കറ്റ് വില 72 രൂപയാണ്. ഉണങ്ങിയ 10 കിലോ കാപ്പി കുരു ലഭിക്കാൻ 15 കിലോ പച്ചക്കായ വേണം. ഒരു ദിവസം 600 രൂപ കൂലി കൊടുത്താൽ ഒരു ദിവസം 15 കിലോ കായ് എടുക്കാൻ കഴിയൂ. കൂലിയ് ക്ക് ആളെ നിർത്തി വിളവെടുക്കാൻ കഴിയാത്ത അവസ്ഥയാണ് കാപ്പി കർഷകരുടേത്. വിളവെടുക്കാൻ കഴിയാതെ കാപ്പി വെട്ടി കളയാൻ നിർബന്ധിതരാവുകയാണ് കർഷകർ