കോട്ടയം: വലിയവൻ ആരാണെന്ന തർക്കത്തിനിടെ കാനവും ജോസ് കെ.മാണിയും ഇടതുമുന്നണിയുടെ സമരവേദിയിൽ ഒന്നിച്ചു. കഴിഞ്ഞദിവസം പൊതുവേദിയിൽ കേരള കോൺഗ്രസല്ല തങ്ങളാണ് വലിയ പാർട്ടിയെന്നു കാനം രാജേന്ദ്രൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇരുവരും ഒരേവേദിയിൽ എത്തിയത്. തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനയിൽ നടന്ന എൽ.ഡി.എഫ് ജനകീയ പ്രതിരോധത്തിലാണ് ഇരുനേതാക്കളും ഒന്നിച്ചെത്തിയത്. ഇടതു മുന്നണിയുടെ മുഴുവൻ നേതാക്കളും എത്തിയ ശേഷമാണ് ജോസ് കെ.മാണി വേദിയിലെത്തിയത്. ജോസ് കെ.മാണിയെ എഴുന്നേറ്റു നിന്നു കൈ നൽകിയാണ് കാനം രാജേന്ദ്രൻ സ്വീകരിച്ചത്.
വികസന പ്രവർത്തനങ്ങളെ എങ്ങനെ തടസപ്പെടുത്താമെന്ന ഗവേഷണമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് കാനം കുറ്റപ്പെടുത്തി. സ്വർണ്ണക്കടത്തിൽ അന്വേഷണം നടത്തുന്നതിനുപകരം ഇതിൽ സംസ്ഥാന സർക്കാരിനെ എങ്ങനെ പങ്കാളിയാക്കാമെന്നാണ് ഇവർ തിരയുന്നത്. കേന്ദ്ര ഏജൻസികൾ എന്ത് നടപടിയാണ് മറ്റു സംസ്ഥാനങ്ങളിൽ നടത്തുന്നതെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് മനസിലായില്ലെന്നും കാനം പറഞ്ഞു.
കേന്ദ്ര ഏജൻസികളെ കൊണ്ട് ലൈഫ് പദ്ധതി അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് ജോസ്.കെ.മാണി ആരോപിച്ചു. കോൺഗ്രസ് ഇതിനു കൂട്ടുനിൽക്കുന്ന സ്ഥിതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം നേതാക്കളായ കെ.അനിൽകുമാർ, പി.ജെ വർഗീസ്, എം.കെ പ്രഭാകരൻ, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സ്റ്റീഫൻ ജോർജ്, ജോസ് ടോം, വിജി എം. തോമസ് എന്നിവർ പ്രസംഗിച്ചു.