കറുകച്ചാൽ: 40ാം വയസിൽ കന്നിവോട്ട് ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് കങ്ങഴ പഞ്ചായത്ത് 9ാം വാർഡിൽ പത്തനാട് ഇടയപ്പാറ കടുത്താട്ട് വീട്ടിൽ ഷിബുവിന്റെ ഭാര്യ ടിനി ഷിബു. കന്നി വോട്ടിനായി ഒരുങ്ങുന്നത്. 21-ാം വയസിൽ വിവാഹിതയായ ശേഷം ഭർത്താവുമൊത്ത് സൗദിയിൽ താമസമാക്കി. അതിനിടെ ഒരിക്കൽപ്പോലും നാട്ടിലെത്തി സമ്മതിദാനാവകാശം രേഖപ്പെടുത്താൻ അവസരം കിട്ടിയില്ല. 16 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയിട്ട് മൂന്ന് വർഷമാകുന്നു. പത്തനാട് ബ്യൂട്ടിപാർലർ നടത്തുകയാണിപ്പോൾ. ഇത്തവണയാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തത്. ജാതിയോ മതമോ കൊടികളുടെ നിറമോ ഒന്നും നോക്കിയല്ല, വ്യക്തിഗുണവും കാര്യപ്രാപ്തിയുമുള്ള സ്ഥാനാർത്ഥിക്കാവും തന്റെ കന്നിവോട്ടെന്ന് ടിനി പറയുന്നു.