
ചങ്ങനാശേരി: വേനൽക്കാലം അടുക്കുമ്പോൾ തോടുകളിലെയും മറ്റ് അരുവികളിലെയും വെള്ളം പതിയെ വറ്റി തുടങ്ങും. ഈ സമയങ്ങളിൽ പാറക്കുളങ്ങളിൽ കുളിക്കാനും മീൻപിടിക്കാനുമായി കുട്ടികളടക്കം നിരവധി പേരാണ് എത്തുന്നത്. വിനോദത്തെക്കാൾ ചിലപ്പോൾ അപകടകാരികളാണ് പലപ്പോഴും പാറക്കുളങ്ങൾ. കങ്ങഴ, നെടുംകുന്നം, വാഴൂർ, തൃക്കൊടിത്താനം, മാടപ്പളളി പഞ്ചായത്തുകളിൽ ഉപയോഗ ശൂന്യമായതും അല്ലാത്തതുമായ നിരവധി പാറക്കുളങ്ങൾ ഉണ്ട്. 100 അടിയോളം ആഴവും ഏക്കറുകളോളം വിസ്തീർണമുള്ള കുളങ്ങളാണ് പലതും. വിവിധ പാറക്കുളങ്ങളിലായി കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ഇരുപത്തഞ്ചോളം പേർക്കാണ് ജീവൻ നഷ്ടമായത്.
അറിയാതെ വീഴുന്നത് അപകടത്തിലേക്ക്
കങ്ങഴ, നെടുംകുന്നം പഞ്ചായത്തുകളിൽ മാത്രം ചെറുതും വലുതുമായി മുപ്പതോളം പാറകുളങ്ങൾ ഉണ്ട്. കുളത്തിന്റെ വലിപ്പമോ അപകട സാധ്യതയോ അറിയാതെ എത്തുന്നവരാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്. അപകടങ്ങൾ തുടർക്കഥയാവുമ്പോഴും സുരക്ഷ ഒരുക്കാൻ അധികൃതർ നടപടി സ്വീകരിക്കാറില്ല. രണ്ടു വർഷം മുൻപ് കങ്ങഴ പരുത്തിമൂട്ടിലെ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചിരുന്നു. കാഞ്ഞിരപ്പാറയിലെ പാറക്കുളത്തിൽ മാത്രം ഏഴു പേരാണ് മുങ്ങിമരിച്ചിട്ടുള്ളത്. കങ്ങഴ ക്ഷേത്രത്തിന് സമീപത്തെ പാറക്കുളത്തിൽ വാഹനങ്ങളടക്കം അപകടത്തിൽപ്പെട്ടിട്ടുണ്ട്.
സുരക്ഷാ വേലിയോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതിനാൽ കുട്ടികളടക്കമുള്ളവർ പലപ്പോഴും ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. പത്തനാട് മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലും സംരക്ഷണ വേലിയില്ലാത്ത പാറക്കുളങ്ങൾ ഉണ്ട്. അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പാറക്കുളങ്ങൾക്ക് ചുറ്റും വേലി നിർമിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഏതാനും പേർ മാത്രമാണ് സംരക്ഷണ വേലി നിർമ്മിച്ചിട്ടുള്ളത്. മടകൾക്ക് വേലിയും അപായ സൂചനാ ബോർഡുകളും അടിയന്തരമായി സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.