chivarezuthu

കറുകച്ചാൽ: തിരഞ്ഞെടുപ്പ് ഏതായാലും സ്ഥാനാർത്ഥി മാറിയിലും ചുവരെഴുതാൻ ജിജി വേണമെന്നത് എല്ലാ മുന്നണികൾക്കും നിർബന്ധമാണ്. 25 വർഷത്തോളമായി തിരഞ്ഞെടുപ്പ് രംഗത്ത് പതിവായി ചുവരെഴുത്ത് ജോലി ചെയ്യുന്ന ആളാണ് കാനം പാണ്ടിക്കര വീട്ടിൽ ജിജി എബ്രഹാം (45). സ്‌കൂളിൽ പഠിക്കുമ്പോൾ കാനം രാജേന്ദ്രന് വേണ്ടിയാണ് ജിജി ചുവരെഴുത്ത് ആരംഭിച്ചത്. പിന്നീട് ഇത് തൊഴിലാക്കിയതോടെ കാനം ജിജിയെന്ന പേര് വീണു.

1982ൽ പഠന കാലത്ത് സുഹൃത്തുക്കളോടൊപ്പമായിരുന്നു ജിജി ചുവരെഴുതാൻ ആദ്യം പോയത്. ചെറുപ്പം മുതൽ ചിത്രം വരയ്ക്കുന്ന ജിജി പഠന ശേഷം കറുകച്ചാലിൽ പ്രവർത്തിച്ചിരുന്ന എ.പി ആർട്സിൽ ചേർന്നു. ചിത്ര രചനയും പെയിന്റിഗും പരിശീലിച്ച ജിജി അറിയപ്പെടുന്നൊരു ആർട്ടിസ്റ്റായി. ഇതോടെ പോസ്റ്ററുകൾ, ബാനറുകൾ, പരസ്യബോർഡുകൾ തുടങ്ങിയവ എഴുതി തുടങ്ങി. ജില്ലയിലും സമീപജില്ലകളിലും ചുവരെഴുത്താൻ പോയിട്ടുണ്ട്. കൊല്ലത്തെ പരസ്യ സ്ഥാപനത്തിൽ ആർട്ടിസ്റ്റായി ജോലി ചെയ്തിരുന്ന ജിജി തിരഞ്ഞെടുപ്പുകാലമായാൽ ചുവരെഴുത്ത് ജോലിയ്ക്കായി നാട്ടിലുണ്ടാവും. ഫ്ളക്സ് ബോർഡുകൾ കടന്നു വന്നതോടെ ജോലി നിർത്തി നാട്ടിൽ എത്തി. ഇപ്പോൾ വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളിലെയും പെയിന്റിംഗ് ജോലികൾ കരാറെടുത്ത് ചെയ്യുകയാണ്. പകൽ സമയങ്ങളിൽ പെയിന്റിംഗ് ജോലിയും രാത്രികാലങ്ങളിൽ ചുവരെഴുത്തിനും പോകും. തിരഞ്ഞെടുപ്പ് അടുത്തതോടെ കങ്ങഴ, വാഴൂർ പഞ്ചായത്തുകളിൽ ജിജി ചുവരെഴുത്ത് ആരംഭിച്ചു.