congress

ചങ്ങനാശേരി: കഴിഞ്ഞ 40 വർഷക്കാലമായി ചങ്ങനാശേരിയിലെ യു.ഡി.എഫ് പ്രശ്നങ്ങൾക്ക് അവസാന വാക്കായിരുന്ന സി.എഫിന്റെ അഭാവം വരും തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വെല്ലുവിളിയാകും. തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ സീറ്റ് തർക്കം യു.ഡി.എഫിൽ സ്ഥിരമാണ്. അന്നൊക്കെ സി.എഫിന്റെ നയപരമായ നീക്കം തർക്കത്തിന് പരിഹാരമുണ്ടാക്കിയിരുന്നു. എത്ര വലിയ തർക്കം ഉടലെടുത്താലും സി.എഫിന്റെ നിലപാടുകൾക്ക് യു.ഡി.എഫിൽ വലിയ വിലയായിരുന്നു. എന്നാൽ ചങ്ങനാശേരി യു.ഡി.എഫിൽ അങ്ങനെ ഒരാൾ ഇല്ലാത്തതിന്റെ അഭാവം യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കുകയാണ്.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സീറ്റ് തർക്കം കാരണം നോമിനേഷൻ സമർപ്പിക്കേണ്ടതിന് രണ്ട് ദിവസങ്ങൾ ബാക്കി നിൽക്കുമ്പോഴും സീറ്റുകളുടെ വിഭജനം പൂർത്തിയായിട്ടില്ല. ചങ്ങനാശേരിയിൽ പരിഹരിക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് പ്രശ്നം കോട്ടയം ജില്ലാ യു.ഡി.എഫ് നേതൃത്വത്തിന് വിടുകയായിരുന്നു. ചങ്ങനാശേരിയിൽ തലമുതിർന്ന നേതാക്കളുടെ അഭാവമാണ് പ്രശ്നങ്ങൾക്ക് പരിഹാരമാകാതെ നീണ്ടുപോകാനിടയായത്. സീറ്റ് വിഭജനം പൂർത്തിയായാൽ തന്നെ കോൺഗ്രസിൽ സീറ്റിനായുള്ള തമ്മിൽ തല്ല് ഇപ്പോഴും തുടരുകയാണ്. പല വാർഡുകളിലും വിമതർ രംഗത്ത് വന്നു കഴിഞ്ഞു. സീറ്റ് മോഹിച്ചു നിന്നിരുന്ന പലരും മറ്റു പാർട്ടികളെ സമീപിക്കുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്. നേതാക്കന്മാരുടെ ബാഹുല്യമുണ്ടെങ്കിലും പിളർന്ന കേരളാ കോൺഗ്രസിനെ നിയന്ത്രിക്കുവാൻ ആരുമില്ലാത്ത അവസ്ഥയാണ് കേരളകോൺഗ്രസ് (ജോസഫ്) ഗ്രൂപ്പിനുള്ളത്.