കോട്ടയം: സ്വകാര്യ മില്ലുകാർക്ക് സംഭരണ ചുമതല സപ്ളൈകോ നല്കിയിട്ടും കൊയ്തെടുത്ത നെല്ല് പാടത്തുതന്നെ. കിഴിവിന്റെ പേരിലുള്ള തർക്കമാണ് ഇതിന് കാരണം. ക്വിന്റലിന് 13 കിലോ നെല്ല് കിഴിവ് നല്കണമെന്ന മില്ലുകാരുടെ പിടിവാശിയാണ് ഇതിന് കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
അയ്മനം വരമ്പിനകത്ത് തൊള്ളായിരം പാടത്തെ നെല്ലാണ് കൊയ്ത്ത് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും മില്ലുകാർ എടുക്കാതെ കൂട്ടിയിട്ടിരിക്കുന്നത്. മഴ ശക്തമായാൽ കൊയ്തുകൂട്ടിയ നെല്ല് വെള്ളത്തിനടിയിലാവും. ഇതോടെ ലക്ഷങ്ങളുടെ നഷ്ടമാവും സംഭവിക്കുക.
ഇക്കുറി നല്ല വിളവായിരുന്ന തൊള്ളായിരം പാടത്ത് ഗുണമേന്മയുള്ള നെല്ലായതിനാൽ പതിര് തീരെയില്ല. തൂക്കമുള്ള നെല്ലിന് ഇത്രയും കിഴിവ് നല്കാനാവില്ലെന്നാണ് കർഷകർ പറയുന്നത്. കഴിഞ്ഞയാഴ്ചയുണ്ടായ ചുഴലിക്കാറ്റിൽ കോടികളുടെ നഷ്ടമാണ് അയ്മനം മേഖലയിൽ സംഭവിച്ചത്. ഒട്ടുമിക്കവരുടെയും വീടുകളുടെ മേൽക്കൂര കാറ്റത്ത് പറന്നുപോയി. കൂടാതെ കൃഷി മേഖലയിൽ വൻ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. എങ്ങനെയും കരകയറാനുള്ള ശ്രമത്തിനിടയിലാണ് സ്വകാര്യ മില്ലുകാരുടെ കൊടുംകൊള്ളയെന്നാണ് കർഷകർ പറയുന്നത്.
കാലടിയിലെ മില്ലുകാർ വരമ്പിനകത്ത് എത്തി നെല്ല് പരിശോധിച്ചിരുന്നു. എന്നാൽ അവിടെയെത്തിയവർ വീണ്ടും ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ല. കുറെ ദിവസം പാടത്ത് നെല്ല് കിടന്നാൽ കർഷകർ ഇവർക്കുതന്നെ കൊടുക്കാൻ നിർബന്ധിതരാവുമെന്ന കണക്കുകൂട്ടലിലാണ് മില്ലുകാർ. നാലു മാസം കണ്ണിലെ കൃഷ്ണമണിപോലെ പരിലാളിച്ച് കീടങ്ങളെ അകറ്റി വളർത്തിയെടുത്ത കൃഷി കൊയ്തെടുത്തപ്പോൾ വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ് ഇപ്പോൾ സംഭവിച്ചിട്ടുള്ളത്. സർക്കാർ നേരിട്ട് ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
മില്ലുകാരുടെ ആവശ്യം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. സർക്കാർ ഇടപെടണം
കെ.പി തോമസ്,
പാടശേഖര കമ്മിറ്റി സെക്രട്ടറി