akshya

അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചിട്ട് ഇന്ന് 18 വർഷം

കോട്ടയം : അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം വരുത്തുന്നു. അക്ഷയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു തദ്ദേശസ്ഥാപനങ്ങളുടെ കമ്മിറ്റികളുടെ അംഗീകാരം വേണമെന്നത് അടക്കമുള്ള മാനദണ്ഡങ്ങളിലാണ് മാറ്റം വരുത്താനൊരുങ്ങുന്നത്. അക്ഷയ കേന്ദ്രങ്ങൾ തമ്മിലുള്ള ദൂര പരിധിയിലും മാറ്റം വരും. 2002 ൽ മലപ്പുറത്താണ് സംസ്ഥാനത്ത് ആദ്യമായി അക്ഷയകേന്ദ്രങ്ങൾ സ്ഥാപിച്ചത്. എല്ലാ വീടുകളിലും എല്ലാ കുടുംബാംഗങ്ങൾക്കും കമ്പ്യൂട്ടർ സാക്ഷരത ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.

ഈ പദ്ധതി പ്രകാരം ഓരോ പഞ്ചായത്തിലും അക്ഷയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമായിരുന്നു. എന്നാൽ പുതുക്കിയ മാനദണ്ഡ പ്രകാരം ഇതു ആവശ്യമില്ല. ഒരു പഞ്ചായത്തിൽ നാലും, നഗരസഭയിൽ ആറും അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രമാണ് അനുമതി നൽകിയിരുന്നത്. ഇതും എടുത്തുകളയും. അക്ഷയ കേന്ദ്രങ്ങൾ തമ്മിലുള്ള ദൂരം ഒന്നര കിലോമീറ്ററാക്കി കുറയ്‌ക്കുന്നതിനും തീരുമാനമായിട്ടുണ്ട്. ഉത്തരവ് ഈ മാസം അവസാനത്തോടെ പുറത്തിറങ്ങും.

കോട്ടയത്ത് 2007ൽ

2007 ലാണ് ജില്ലയിൽ അക്ഷയ കേന്ദ്രം ആരംഭിച്ചത്. വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 190 അക്ഷയ കേന്ദ്രങ്ങളാണുള്ളത്. ജില്ലാ കളക്ടർ ചീഫ് കോ-ഓർഡിനേറ്ററായും, 7 ഉദ്യോഗസ്ഥർ അടങ്ങുന്ന ജില്ലാ പ്രോജക്ട് ഓഫീസിന്റെ മേൽനോട്ടത്തിലുമാണ് ഏകോപനം.

സേവനങ്ങൾ ഇങ്ങനെ

വില്ലേജ് ഓഫീസുകൾ വഴി ലഭ്യമാകുന്ന വിവിധ സർട്ടിഫിക്കറ്റുകൾ നൽകുന്ന ഇ-ജില്ലാ പദ്ധതി

റേഷൻ കാർഡ് സേവനങ്ങൾ,

രജിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റ് സേവനങ്ങൾ

ആധാർ,ഫുഡ് സേഫ്റ്റി വകുപ്പ് സേവനങ്ങൾ

വോട്ടർ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ടവ

എംപ്ലോയ്‌മെന്റ്, സേവനങ്ങൾ, പെൻഷൻ മസ്റ്ററിംഗ്

ജീവൻ പ്രമാൺ, ബാങ്കിംഗ് കിയോസ്‌ക്ക്,

വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അഡ്മിഷൻ, സ്‌കോളർഷിപ്പ്

പാസ്‌പോർട്ട്, പാൻ കാർഡ്

ആധാർ എൻറോൾമെന്റ്