jiji

എരുമേലി : ഒരാൾ ജിജിമോൾ സജി, മറ്റൊരാൾ റെൻസി സജി, മൂന്നാമത്തെയാൾ ബിന്ദു സജി. എരുമേലി പഞ്ചായത്ത് 15-ാം വാർഡായ ഉമ്മിക്കുപ്പയിൽ പ്രാധാന മുന്നണികൾ കളത്തിലിറക്കിയിരിക്കുന്നത് സജിയുടെ ഭാര്യമാരെയാണ്. മൂവരുടേയും പേരിന്റൊപ്പമുള്ള സജിതന്നെയാണ് യാദൃശ്ചികതയും. യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് ജിജിമോൾ. റെൻസി എൽ.ഡി.എഫിന്റെയും, ബിന്ദു എൻ.ഡി.എയുടെയും സീറ്റിലാണ് മത്സരിക്കുന്നത്. ബിന്ദു സജിയാണ് ആദ്യം മത്സരരംഗത്ത് വന്നത്. പത്ത് വർഷം മുൻപ് കേരള കോൺഗ്രസിന്റെ ടിക്കറ്റിൽ മത്സരിച്ച ജിജിമോൾ വാർഡ് അംഗമായിരുന്നു. റെൻസിയും ബിന്ദുവും ആദ്യമായാണ് മത്സരിക്കുന്നത്. ജിജിമോൾ സ്വകാര്യ ബാങ്ക് ജീവനക്കാരിയും റെൻസി വീട്ടമ്മയുമാണ്. ബിന്ദു ആശ വർക്കറാണ്. ഇവർക്കൊപ്പം സ്വതന്ത്രയായി അനൂജ തോമസും മത്സരിക്കുന്നുണ്ട്. ഭാര്യമാർക്ക് രാഷ്ട്രീയമുണ്ടെങ്കിലും സജിമാർ ഒരു പാർട്ടിയുടെയും സജീവ പ്രവർത്തകരല്ല.