പാലാ: കരൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ മുതൽ പാലാ കുരിശുപള്ളി ജംഗ്ഷൻ വരെയുള്ള റോഡിന്റെ ടാറിംഗ് ഇന്നാരംഭിക്കും.
മൂന്നു ദിവസത്തിനുള്ളിൽ ടാറിംഗ് ആരംഭിക്കണമെന്ന് മാണി.സി.കാപ്പൻ പി.ഡബ്ലിയു.ഡി അധികാരികൾക്ക് നിർദ്ദേശം നൽകിയിരുന്നു.

കരൂർ പഞ്ചായത്തുപടി മുതൽ രാമപുരം വരെയുള്ള റീടാറിംഗ് നേരത്തേ കഴിഞ്ഞിരുന്നു. ഇനി കരൂർ മുതൽ പാലാവരെയാണ് ടാറിംഗ്. കരൂർ പഞ്ചായത്തു പടിക്കൽ നിന്നാണ് ഇന്ന് ടാറിംഗ് ആരംഭിക്കുന്നതെന്ന് പി.ഡബ്ലിയു.ഡി.പാലാ അസി.എൻജിനീയർ അനു പറഞ്ഞു. കാലാവസ്ഥ അനുകൂലമായാൽ മൂന്നു ദിവസത്തിനുള്ളിൽ കുരിശുപള്ളി ജംഗ്ഷൻ മുതൽ സിവിൽ സ്‌റ്റേഷൻ വരെയുള്ള ടാറിംഗ് പൂർത്തിയാകും. 1 കോടി 80 ലക്ഷം രൂപാ മുടക്കിയാണ് രണ്ടാം ഘട്ട റീ ടാറിംഗ് നടത്തുന്നത്.

ഗതാഗതം നിരോധിക്കും

ടാറിംഗ് നടക്കുന്ന ദിവസം പാലാ കുരിശുപള്ളിക്കവല മുതൽ സിവിൽ സ്റ്റേഷൻ ജംഗ്ഷൻ വരെ ഗതാഗതം പൂർണമായും നിരോധിക്കും.
സിവിൽ സ്റ്റേഷൻ ജംഗ്ഷൻ മുതൽ കരൂർ പഞ്ചായത്ത് ഓഫീസ് പടിവരെയുള്ള ഭാഗത്തെ വാഹന ഗതാഗതം ഭാഗികമായും നിരോധിക്കും.